തിരുവനന്തപുരം: ജില്ലയിൽ കൊറോണബാധിച്ച് മരിച്ച മുൻ പൊലീസ് ഒാഫീസർ അബ്ദുൽ അസീസിന് രോഗം ലഭിച്ചത് പ്രവാസിയായ ബന്ധുവിൽ നിന്നാണെന്ന് സൂചന. ആരോഗ്യപ്രവർത്തകരും പൊലീസും നടത്തിയ വിശദമായ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. ഇദ്ദേഹം കൊറോണബാധിച്ച് ചികിത്സയിലാണോ എന്ന അന്വേഷണത്തിലാണ് അധികൃതർ. മാർച്ച് 10ന് ഗൾഫിലേക്ക് പോയ ഇയാളുടെ പ്രവാസി ബന്ധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണ്.

അബ്ദുൽ അസീസിന് രോഗം വന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. മാർച്ച് ആദ്യവാരം പോത്തൻകോട് നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് ദുബായിൽ നിന്ന് ബന്ധു എത്തിയത്. വിവാഹശേഷം ഒരാഴ്ചയോളം ഇദ്ദേഹം നാട്ടിലുണ്ടായിരുന്നു. അബ്ദുൽ അസീസുമായി അടുത്തസൗഹൃദത്തിലായിരുന്ന ഇദ്ദേഹത്തിനൊപ്പം ബന്ധുക്കളെ കാണാനും മറ്റാവശ്യങ്ങൾക്കുമായി ദിവസങ്ങളോളം ഒരുമിച്ച് ചെലവഴിച്ചു. പത്തിന് പ്രവാസി തിരിച്ചുപോകുകയും ചെയ്തു.

അതേസമയം മാർച്ച് രണ്ടിന് പോത്തൻകോട് രാജശ്രീ ഓഡിറ്റോറിയത്തിൻ നടന്ന ഈ പ്രവാസി ബന്ധുവിന്റെ മകളുടെ വിവാഹച്ചടങ്ങിലും പങ്കെടുത്തു. മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിക്കൊപ്പം വിവാഹം ക്ഷണിക്കാനും മറ്റ് ഏർപ്പാടുകൾക്കും അബ്ദുൾ അസീസും ഒപ്പമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പ്രവാസി തിരികെ പോകുകയും ചെയ്തു. അതിനുശേഷം അബ്ദുൾ അസീസ് മാർച്ച്‌ 11ന് കബറടി ,18ന് കൊയ്ത്തൂർക്കോണം ജുമാ മസ്ജിദുകളിൽ നടന്ന മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ഈ ചടങ്ങുകളിൽ കാസർകോട്, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്നാണോ കൊറോണ പകർന്നതെന്ന സാദ്ധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്. ഇതിനിടെ അയിരൂപ്പാറ ഫാർമേഴ്സ്ബാങ്കിന്റെ വാവറ അമ്പലം ശാഖയിൽ നടന്ന ചിട്ടിലേലത്തിലും അബ്ദുൾ അസീസ് പങ്കെടുത്തു. മാർച്ച് 21നാണ് ഇയാൾ പനിയും ലക്ഷണങ്ങളുമുണ്ടായി

വേങ്ങോട് പി.എച്ച്‌ സെന്ററിൽ ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ മരുന്ന് നൽകി ഡോക്ടർ മടക്കി അയച്ചു. മരുന്ന് കഴിച്ചിട്ടും പനി കുറയാതെ വന്നപ്പോൾ മാർച്ച്‌ 23ന് ഗോകുലം മെഡിക്കൽ കോളേജിലെത്തി. സംശയം തോന്നിയ ഹോസ്പിറ്റൽ അധികൃതർ വൈകിട്ടോടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ആദ്യസ്രവ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച്‌ വീണ്ടും നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് വെന്റിലേറ്ററിലാക്കിയ അബ്ദുൾ അസീസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.