തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് അനാവശ്യ യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള പരശോധന കൂടുതൽ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. കൊറോണ ബാധിച്ച് തിരുവനന്തപുരം ജില്ലയിൽ ഒരാൾ മരണപ്പെട്ടതും, രോഗവ്യാപനം കൂടുന്ന സാഹചര്യവും കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്. ഇന്നലെ വിലക്ക് ലംഘിച്ച് യാത്ര ചെയ്ത 91 പേർക്കെതിരെ കേസെടുത്തു.കൂടതൽ കേസ് രജിസ്റ്റർ ചെയ്തത് നേമം,ശ്രീകാര്യം സ്‌റ്റേഷനുകളിലാണ്.65 വാഹനങ്ങൾ പിടിച്ചെടുത്തു.57 ഇരുചക്ര വാഹനങ്ങളും 8 ആട്ടോറിക്ഷകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
പെൻഷനുകൾ വിതരണം ചെയ്യുന്ന ട്രഷറികളിലും ബാങ്കുകളിലും ഓരോരുത്തർക്കും നിശ്ചയിച്ചു നൽകിയിട്ടുള്ള തീയതികളിൽ മാത്രമേ പെൻഷൻ വാങ്ങാൻ എത്താവൂ.തീയതികൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചയിച്ച ദിവസങ്ങളിൽ അല്ലാതെ വരുന്നവരെ നഗരാതിർത്തിയിൽ പ്രവേശിപ്പിക്കില്ല. വാഹന പരശോധനയിൽ കണ്ടെത്തുന്നവരെ മടക്കി അയയ്ക്കും.റേഷൻ കടകളിലും സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ദിവസങ്ങിൽ മാത്രമേ എത്താൻ പാടുള്ളൂ. തിരക്കു കൂടിയാൽ ബാങ്കുകളിലും റേഷൻകടകളിലും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും. ജില്ല വിട്ടു പോകുന്നതിനായി പലരും പാസിന് അപേക്ഷ നൽകിയിട്ടുണ്ട്.പൊലീസ് അന്വേഷണം നടത്തിയതിൽ ചിലർ പാസ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മരണം പോലുള്ള അത്യാവശ്യ ഘട്ടത്തിലേ പാസ് അനുവദിക്കുകയുള്ളൂ. പാസ് ദുരുപയോഗം ചെയ്യുന്നത് തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ചെക്കിംഗ് പോയിന്റുകൾ ഏർപ്പെടുത്തും. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് നിശ്ചിത അകലം പാലിക്കാതെ വിൽപ്പന നടത്തുന്ന കടകൾക്കെതിരെയും നടപടി സ്വീകരിക്കും. സാമൂഹ്യ അകലം പാലിക്കാതെ വിൽപ്പന നടത്തിയ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനെതിരെ കേസെടുത്തതായും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
ആഹാര സാധനങ്ങളും മരുന്നു വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ നഗരാതിർത്തി കടത്തിവിടുകയുള്ളൂ. രോഗ വ്യാപനം തടയുന്നതിനായി പൊലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് നഗരവാസികൾ സഹകരിക്കണമെന്ന് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.