pothencode

തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണമരണം തങ്ങളുടെ നാട്ടിലാണെന്നത് ഞെട്ടലോടെയാണ് പോത്തൻകോട്ടുകാർ കേട്ടത്. പള്ളിയിലും മാർക്കറ്റിലും മരണവീട്ടിലും കല്യാണത്തിലും ഓടിനടന്ന അബ്ദുൽ അസീസ് നാട്ടുകാർക്ക് സുപരിചിതനാണ്. ഭാര്യയാകട്ടെ സാമൂഹ്യപ്രവർത്തകയും കുടുംബശ്രീ ഭാരവാഹിയും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നാട്ടുകാർ ഈ വീടുമായി ബന്ധപ്പെട്ടുപോരുന്നുണ്ട്. അതുതന്നെയാണ് ആശങ്കയ്ക്ക് കാരണവും.

ആരിൽ നിന്ന് രോഗം പകർന്നുവെന്നോ, ആരുമായെല്ലാം ബന്ധപ്പെട്ടിട്ടുണ്ടെന്നോ കൃത്യമായി പറയാൻ വീട്ടുകാർക്ക് പോലും കഴിയുന്നില്ല. പനി വന്നാലും അതെല്ലാം മറന്ന് ഓടിനടക്കുന്ന പ്രകൃതമാണ് അബ്ദുൽ അസീസിന്റേത്. അതുകൊണ്ട് തന്നെ രോഗവ്യാപ്തി തിട്ടപ്പെടുത്തുക എളുപ്പമല്ല. ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലും ഉയർന്നത് ഇതേ അഭിപ്രായമാണ്. ഇതു മുൻനിറുത്തിയാണ് അണ്ടൂർ കോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ 3 കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് ക്വാറന്റൈനിലാക്കാൻ തീരുമാനിച്ചത്. നിലവിൽ അബ്ദുൽ അസീസിന്റെ ഭാര്യ,രണ്ടു മക്കൾ,രണ്ട് പേരക്കുട്ടികൾ എന്നിവർക്കൊന്നും അസുഖമില്ല.ഒരു മകൾ കെ.എസ്. ആർ.ടി.സിയിൽ

കണ്ടക്ടറാണ്. അവരിലൂടെയും രോഗം പകരാനിടയുണ്ടോ എന്ന് സംശയമുണ്ട്.

ഇതെല്ലാം പരിഗണിച്ച് ഇന്നലെ പോത്തൻകോട് പ്രദേശത്ത് പൊലീസ് അനൗൺസ്‌മെന്റ് നടത്തി. വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ചായിരുന്നു പ്രചാരണം. അബ്ദുൽ അസീസുമായി ബന്ധപ്പെട്ടുള്ളവർ അധികൃതരെ വിവരം അറിയിക്കണമെന്നും രോഗമുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സന്ദേശം. ഇദ്ദേഹത്തെ ചികിത്സിച്ച പോത്തൻകോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ,ഇത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇരുപതോളം സാമൂഹ്യ ആരോഗ്യപ്രവർത്തകർ എന്നിവർ ക്വാറന്റൈനിലേക്ക് പോയതോടെ പ്രദേശത്ത് ജനങ്ങളുടെ ആശങ്കയകറ്റാനും ബോധവത്കരണം നടത്താനും ആളില്ലാത്ത സ്ഥിതിയാണ്. രണ്ടുദിവസത്തിനുള്ളിൽ ഇതിന് പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചു.

അബ്ദുൾ അസീസ് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നവർ 1077, 1056, 0471–2466828 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് ഇങ്ങനെ

മാർച്ച് 2

പോത്തൻകോട് രാജശ്രീ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങ്

മാർച്ച് 2 ഉച്ചയ്ക്ക് 2 മണി

മെഡിക്കൽ കോളേജിനടുത്തുള്ള സബ് ട്രഷറി ഓഫീസ്

മാർച്ച് 2

കബറടിയിൽ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങ്

മാർച്ച് 6

പോത്തൻകോട് വാവറമ്പലത്തുള്ള ജുമാ മസ്ജിദ്

മാർച്ച് 11

കബറടിയിലുള്ള മറ്റൊരു ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങ്

മാർച്ച് 13

പോത്തൻകോട് വാവറമ്പലത്തുള്ള ജുമാ മസ്ജിദ്

മാർച്ച് 17

ആയിരൂപ്പാറ കാർഷിക സർവീസ് സഹകരണ ബാങ്കിന്റെ ചിട്ടിലേലം

മാർച്ച് 18

മോഹനപുരം കൈതൂർകോണത്ത് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങ്

മാർച്ച് 18

രോഗലക്ഷങ്ങളോടെ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ

മാർച്ച് 20

വാവറമ്പലം ജുമാ മസ്ജിദിലെ സംസ്‌കാരച്ചടങ്ങ്

മാർച്ച് 21

തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ

മാർച്ച് 23

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

മാർച്ച് 23

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി