തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് മാസത്തെ ക്ഷേമ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെ,ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള പെൻഷൻ കുടിശികയാണ് ഇന്നലെ അനുവദിച്ചത്. ഇതിൽ ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂറായാണ് നൽകുന്നത്. ബഡ്ജറ്റ് പ്രഖ്യാപനമനുസരിച്ച് അത് 1300 രൂപയാണ്.
അഞ്ച് മാസത്തെ പെൻഷന് 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ, കുടിശിക തീർക്കാനായി 34 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കേ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. എന്നാലിപ്പോൾ, 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കു കൂടി കുടിശികയടക്കം പണം അനുവദിക്കുന്നുണ്ട്.
ഇതിന് പുറമേ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ മസ്റ്റർ ചെയ്തെങ്കിലും വിവാഹം / പുനർവിവാഹം ചെയ്തിട്ടില്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് പെൻഷൻ കുടിശിക നൽകുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവർ ജൂൺ മാസത്തിനുള്ളിൽ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ആകെ 2833 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.
ഇതിൽ 1350 കോടി രൂപ സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിർദ്ദേശപ്രകാരം ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് . ഈ പണം ഏപ്രിൽ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടൂ. എന്നാൽ സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തുടങ്ങും.കർഷകത്തൊഴിലാളി , വയോജന , വികലാംഗ , വിധവ , അവിവാഹിത എന്നിങ്ങനെ അഞ്ച് സ്‌കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുന്നത്.
162 കോടി രൂപയുടെ കർഷകപെൻഷനടക്കം 16 ക്ഷേമനിധികളിലെ 6 ലക്ഷത്തോളം അംഗങ്ങൾക്ക് സർക്കാരിൽ നിന്നും 369 കോടി രൂപയും അനുവദിക്കും. ചുമട്ടുതൊഴിലാളി, മോട്ടോർ വാഹനം, കെട്ടിട നിർമ്മാണം, കള്ള്‌ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളിൽ നിന്നും 4 ലക്ഷം ആളുകൾക്ക് 240 കോടി രൂപയും വിതരണം ചെയ്യും.. കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുക കൂടി ചേർത്താൽ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകൾക്കായി വിതരണം ചെയ്യുന്നത്.