sisitrer-lucy-kalappura-
SISITRER LUCY KALAPPURA

മാനന്തവാടി: എഫ്‌.സി.സി സഭയിൽ നിന്നു പുറത്താക്കിയുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുരക്കൽ സമർപ്പിച്ച രണ്ടാമത്തെ അപ്പീലും തള്ളി. സിസ്റ്റർ ലൂസി സുപ്രീം ട്രൈബ്യൂണൽ മുമ്പാകെ നൽകിയ അപ്പീലാണ് തള്ളിയത്. എന്നാൽ, തീരുമാനം ഏകപക്ഷീയമാണെന്നിരിക്കെ സഭയിൽ നിന്നോ കോൺവെന്റിൽ നിന്നോ പുറത്തുപോവില്ലെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിനു പിറകെ സഭയിൽ നിന്നു നിരന്തരം മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിരുന്നു ഇവർക്ക്. പിന്നീട് എഫ്‌. സി.സി സന്യാസിനി സഭയിൽ നിന്ന് പുറത്താക്കിയതായും അറിയിപ്പ് വന്നു. ഈ നടപടിക്കെതിരെ വത്തിക്കാന് നൽകിയ അപ്പീൽ 2019 ഒക്ടോബറിൽ തള്ളുകയാണുണ്ടായത്. സുപ്രീം ട്രൈബ്യൂണലിന് അപ്പീൽ നൽകാൻ സാവകാശം അനുവദിച്ചിരുന്നു. ട്രൈബ്യൂണലിന്റെ വിധിയും വന്നതോടെ ഇനിയൊരു ഹർജിക്ക് സാദ്ധ്യതയില്ല.

മാനന്തവാടി മുൻസിഫ് കോടതിയിൽ സിസ്റ്റർ ലൂസി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഇവർക്ക് മഠത്തിൽ തുടരാമെങ്കിലും സഭാ നിലപാട് സിസ്റ്ററുടെ ഭാവികാര്യത്തിൽ നിർണായകമാവും. തന്നെ കേൾക്കാതെയണ് വത്തിക്കാൻ അപ്പീൽ തള്ളിയതെന്നും കന്യാസ്ത്രീയായി തന്നെ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. മഠത്തിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല. നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.