sanil
സനിൽ

മേപ്പാടി (വയനാട് ): വീടിന്റെ കാര്യത്തിൽ പ്രതീക്ഷ പാടെ അസ്തമിച്ചതോടെ സനിൽ ജീവനൊടുക്കി. പിറകെ വന്നു അധികൃതരുടെ പ്രഖ്യാപനപ്പെരുമഴ. പ്രളയത്തിൽ വീട് തകർന്നതിനുള്ള നഷ്ടപരിഹാരം കുടുംബത്തിന് ഉടൻ നൽകുമെന്നു മാത്രമല്ല, പുറമ്പോക്ക് ഭൂമിയിൽ പെടുന്ന സ്ഥലത്തിന് ഉടൻ കൈവശ രേഖ നൽകുമെന്നും വീട് നിർമ്മിച്ചു നൽകുമെന്നും തഹസിൽദാരുടെ അറിയിപ്പാണ് കുടുംബത്തിന് കിട്ടിയത്.

മേപ്പാടി നത്തംകുനി തുറയൻകുന്നിലെ മൂഞ്ഞേലിയിൽ സനിലിനെ കഴിഞ്ഞ ദിവസം വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊളിഞ്ഞ കട്ടവീടിനു പകരം പണിത ഷെഡ്ഡിൽ തന്നെ ജീവനൊടുക്കുകയായിരുന്നു. ഭാര്യ സജിന തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. ദമ്പതികൾക്ക് രണ്ടു പെൺകുട്ടികളുണ്ട്.

തകർന്ന വീടിന് പ്രാഥമിക നഷ്ടപരിഹാരമെങ്കിലും ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. സനിലിന്റെ ദുരിതം കണ്ട് കഴിഞ്ഞ ഡിസംബറിൽ കൂട്ടുകാർ മുൻകൈയെടുത്ത് താത്കാലികമായി ഷെഡ്ഡ് തീർത്തുകൊടുത്തതായിരുന്നു.

വർഷങ്ങളായി തുറയൻ കുന്നിലെ 11 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിൽ കട്ട കൊണ്ട് തീർത്ത ഒറ്റമുറി വീട്ടിലായിരുന്നു സനലും കുടുംബവും താമസം. പ്രളയത്തിൽ വീട് തീർത്തും തകർന്നതോടെ അടച്ചുറപ്പുള്ള വീടിനായി നെട്ടോട്ടത്തിലായിരുന്നു ഇയാൾ. ഭൂമിയ്ക്ക് കൈവശരേഖ ഇല്ലെന്നതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതുമില്ല.

''കൈവശരേഖയുടെ പ്രശ്നം കാരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സനിലിന്റെ പേര് ഉൾപ്പെടാതെ പോയത്. പി.എം.എ.വൈ ഗുണഭോക്തൃ ലിസ്റ്റിൽ ആ വാർഡിലെ ഒന്നാമത്തെ ആളാണ് സനൽ. റവന്യു വകുപ്പ് സർവേ നടത്തിയപ്പോൾ നാലു ലക്ഷത്തിന് സനൽ അർഹനാണെന്നു കണ്ടെത്തിയതാണ്. അടുത്ത പരിഗണന സനലിനാണെന്നു പറഞ്ഞിരുന്നു. അത് ബോദ്ധ്യപ്പെടാതെയാണ് ആത്മഹത്യ ചെയ്തത്. സനിലിന്റെ കുട്ടികളുടെ പഠനച്ചെലവ് ഞാൻ നേരിട്ട് വഹിക്കും.

കെ.കെ.സഹദ്,

പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത്