മാനന്തവാടി: അരിവാൾ രോഗികളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന മാനന്തവാടി വേമം അരമംഗലം വീട്ടിൽ സി.ഡി.സരസ്വതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരമായി വനിതാരത്ന പുരസ്കാരം. സാമൂഹ്യസേവന രംഗത്തെ സംഭാവന പരിഗണിച്ചുള്ള അവാർഡ് 1 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. ഏഴിന് വൈകിട്ട് 4 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
ജില്ലാതല വനിതാരത്‌ന പുരസ്‌കാര നിർണയ കമ്മിറ്റി ശുപാർശ ചെയ്ത അപേക്ഷകൾ സ്‌ക്രീനിംഗ് കമ്മിറ്റി വിലയിരുത്തിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
അരിവാൾ രോഗത്തെ അതിജീവിച്ച് രോഗികൾക്കായി നിരന്തരം ശബ്ദമുയർത്തുകയാണ് സരസ്വതി. അരിവാൾ രോഗികളെ സമൂഹത്തിൽ നിന്ന് അകറ്റിനിറുത്തുന്ന പ്രവണത തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കുന്നതിനായി സിക്കിൾസെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്കു രൂപം നൽകുകയായിരുന്നു ഇവർ. അരിവാൾ രോഗികൾക്ക് സമുദായ വ്യത്യാസമില്ലാതെ രണ്ടായിരം രൂപ പെൻഷൻ ലഭ്യമാക്കാനും കഴിഞ്ഞു.