കൽപ്പറ്റ: മേപ്പാടി സ്വദേശി എം.സി.സനലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ലൈഫ് ഭവന പദ്ധതി പ്രകാരം 2017 ൽ സനൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും നിലവിൽ വീട് ഉളളതിനാൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വാർഡുതല ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭയിൽ ചർച്ച ചെയ്തതിന് ശേഷമാണ് അപേക്ഷ തളളിയത്. എന്നാൽ 2019 ലെ പ്രളയത്തിൽ സനലിന്റെ വീട് തകർന്നതായി അറിഞ്ഞതിനെ തുടർന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും റീബിൽഡ് കേരള ലിസ്റ്റിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമ്മിക്കുവാൻ തുക അനുവദിക്കുകയും ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് പറഞ്ഞു.

ആദ്യഗഡുവായ 1,01,900 രൂപയും അടിയന്തര ധനസഹായമായ പതിനായിരം രൂപയും ഉൾപ്പെടെ സനലിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെങ്കിലും ജനപ്രിയ സീറോ ബാലൻസ് അക്കൗണ്ടായതിനാൽ ഇത് സാധിച്ചില്ല. ഇത്തരം അക്കൗണ്ടുകൾ വഴി ഒരു ലക്ഷത്തിന് മുകളിലുളള തുക കൈമാറാനാവില്ല.

നിലവിൽ പ്രസിദ്ധീകരിച്ച പിഎംഎവൈ ലിസ്റ്റിലും സനൽ ഉൾപ്പെട്ടിരുന്നതായി സഹദ് പറഞ്ഞു. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ആരോപണങ്ങളുമായി പലരും മുന്നോട്ട് വരുന്നതെന്ന് പഞ്ചായത്ത് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈജ ബേബി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.സീനത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.