കൽപ്പറ്റ: സനലിന് പ്രളയദുരിതാശ്വാസ പദ്ധതിയിൽ വീട് നിർമാണത്തിന് അനുവദിച്ച തുകയിൽ ആദ്യഗഡു നേരത്തെ തന്നെ നൽകിയിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ ചില സാങ്കേതികത കാരണം ഈ തുക ട്രഷറിയിലേക്ക് തന്നെ മടങ്ങിയതായും നിയമസഭയിൽ സി.കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.
75 ശതമാനം മുതൽ 100 ശതമാനം വരെ നാശനഷ്ടം സംഭവിച്ച വീടുകൾ എന്ന വിഭാഗത്തിൽപ്പെടുത്തി ധനസഹായത്തിന് അർഹരായവരുടെ ലിസ്റ്റിലാണ് സനലിനെ ഉൾപ്പെടുത്തിയത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള ആദ്യ ഗഡു ധനസഹായമായ 1,01,900 രൂപ സനലിന്റെ ഭാര്യ സജിനിയുടെ പേരിൽ അനുവദിച്ചിട്ടുണ്ട് . ഈ തുക ട്രഷറിയിൽ നിന്ന് സജിനിയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുമുണ്ട്. തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാതെ ട്രഷറിയിലേക്ക് തന്നെ മടങ്ങി. നേരത്തെ ഇവരുടെ അക്കൗണ്ടിലുള്ള തുക കൂടി ആയപ്പോൾ ബാലൻസ് അധികരിച്ചു എന്ന കാരണത്താലാണ് ബാങ്ക് തുക മടക്കിയത്. അതിനാൽ ട്രഷറിയിൽ നിന്നു ലഭിച്ച ബാങ്ക് റിജക്ഷൻ ലിസ്റ്റിൽ ഇവരുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
പുതിയൊരു അക്കൗണ്ട് എടുത്തോ നിലവിലുള്ള അക്കൗണ്ട് സാധാരണ അക്കൗണ്ടാക്കി മാറ്റിയോ ഇവർക്ക് ഈ തുക കൈമാറാൻ നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും.