monky

കൽപ്പറ്റ: കുരങ്ങുപനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) മരിച്ചു. കഴിഞ്ഞ അഞ്ചിന് രോഗബാധയെ തുടർന്ന് ജില്ലാശുപത്രിയിൽ എത്തിയതായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ആറിന് കോഴിക്കോട്ടേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അന്ത്യം. ജില്ലയിൽ ഈ വർഷം കുരങ്ങുപനി മൂലം മരിക്കുന്ന ആദ്യ രോഗിയാണ് മീനാക്ഷി. കഴിഞ്ഞ വർഷം 2 പേർ ജില്ലയിൽ കുരങ്ങുപനി മൂലം മരിച്ചിരുന്നു.

ഇന്നലെ വരെ 13 പേർ ചികിത്സ തേടി. ഇതിൽ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ളവരാണ്. മറ്റ് രണ്ട് പേർ കുറുക്കൻമൂല, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്നവരും.

വനാതിർത്തികളിൽ കഴിയുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഉൗർജ്ജിതമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ പറഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങി ചെളളിനെ അകറ്റി നിറുത്തുന്നതിനുളള ലേപനങ്ങൾ വിതരണം ചെയ്യും. ബോധവത്കരണം തുടരും.

വനത്തിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അക്കാര്യം നിർബന്ധമായും അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികതൃർ പറഞ്ഞു. വിനോദ സഞ്ചാരികളും ശ്രദ്ധിക്കണം. കുരങ്ങുകൾ ചത്ത് കിടുക്കുന്നത് കണ്ടാൽ മുൻകരുതലില്ലാതെ അടുത്തേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.