കൽപ്പറ്റ: അകക്കണ്ണിന്റെ വെളിച്ചമാണ് നിഷയുടെ ജീവിതം. ആ വെളിച്ചത്തിൽ അവർ അക്ഷരങ്ങളടുക്കി ഒരുക്കിയത് ഏഴ് കവിതാസമാഹാരങ്ങളാണ്. ജീവിതത്തിലേക്ക് പെയ്‌തിറങ്ങിയ ദുരന്തപ്പെരുമഴ പുഞ്ചിരിയോടെ നേരിടുന്ന നിഷ അമ്മ സുഭദ്രയ്‌ക്കും മകൻ മോഹിത്തിനുമോപ്പം താമസിക്കുന്ന വയനാട് കാര്യമ്പാടിയിലെ വാടക വീട്ടിലിരുന്ന് കഴിഞ്ഞ കാലത്തെക്കുറിച്ചോർക്കുകയാണ്.
പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ നിഷ തീരുമാനിച്ചപ്പോൾ അവർക്കിടയിൽ മതം തടസമായില്ല. എന്നാൽ ആറ് വർഷം മാത്രം നീണ്ട ദാമ്പത്ത്യത്തിനൊടുവിൽ നിഷയും രണ്ട് മക്കളും ഉപേക്ഷിക്കപ്പെടുന്നു. പിന്നീടൊരിക്കൽ അച്ഛൻ വന്ന് കുട്ടികളെ നിഷയുടെ അടുത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയി. പിന്നീട് ആ അമ്മക്ക് തന്റെ മക്കളെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല.
അന്ന് ഡൽഹിയിൽ ജോലി ചെയ്‌തിരുന്ന ഭർത്തൃസഹോദരിയുടെ അടുത്ത് തന്റെ കുട്ടികളുണ്ടെന്ന് വിശ്വസിച്ച നിഷ അവിടെയെത്തി. എന്നാൽ കുട്ടികൾ വയനാട്ടിലെ അനാഥാലയത്തിലായിരുന്നു. കുട്ടികളില്ലാതെ തിരിച്ചു പോകാൻ മടിച്ച നിഷ ഡൽഹിയിൽ ജീവിക്കാൻ തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം ഡൽഹി സ്വദേശിയെ വിവാഹവും ചെയ്‌തു. സന്തോഷമായിരുന്ന ജീവിതത്തിനിടെ തലയിൽ വീണ ഇസ്‌തിരിപ്പെട്ടിയുണ്ടാക്കിയ മുറിവ് വീണ്ടുമവരെ സങ്കടത്തിലാക്കി. ഇടയ്‌ക്കിടെ വരാറുണ്ടായിരുന്ന തലവേദന പിന്നീട് തലച്ചോറിലെ ട്യൂമറായി മാറി. തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം നിഷയുടെ കാഴ്ച നഷ്ടമായി.
അതിനിടെ ആശ്വാസത്തിന്റെ തിരിനാളമായി ആൺകുഞ്ഞും പിറന്നു. രണ്ട് വർഷം കഴിഞ്ഞ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ നിഷയുടെ രണ്ടാം ഭർത്താവിനെ വിധി തിരിച്ചു വിളിച്ചു. വർഷങ്ങളോളം എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കയിലായിരുന്നു നിഷയുടെ ജീവിതം.ഒരു വർഷം മുമ്പാണ് ഏഴുന്നേറ്റു നടക്കാനും എല്ലാ കാര്യങ്ങളും സ്വയമായി ചെയ്യാനും തുടങ്ങി. നാട്ടുകാരുടെ സഹായത്തിൽ ചെറിയ പെട്ടിക്കടയും തുടങ്ങി.
രാവിലെ നിഷയെ കടയിൽ കൊണ്ട് പോകുന്നതും തിരികെ കൊണ്ട് വരുന്നതുമെല്ലാം രണ്ടാം ക്ലാസുകാരനായ ഇളയമകൻ മോഹിതാണ്. മോഹിത് തന്നെയാണ് നിഷയുടെ കവിതകൾ കടലാസിലേക്ക് പകർത്തുന്നത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗായകരായ യേശുദാസ് ചിത്ര എന്നിവരെ സന്ദർശിക്കാൻ അവസരം കിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നാണ് നിഷയുടെ മറ്റൊരാഗ്രഹം.
നിഷയുടെ ഏഴ് കവിതാസമാഹാരങ്ങളും പ്രകാശനം ചെയ്‌തത് കാഞ്ചനമാലയാണ്.