കൽപ്പറ്റ: വയനാട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത കുരങ്ങ്പനിക്കെതിരെ ആരോഗ്യവകുപ്പ് നിതാന്ത ജാഗ്രതയിലാണെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 11 വരെ 14 സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളും ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്ത് ഏരിയയിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ വ്യാപകമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.
2019 ൽ വയനാട്ടിൽ 7 സ്ഥിരീകരിച്ച കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014 മുതലാണ് ജില്ലയിൽ കുരങ്ങ് പനി കണ്ടു തുടങ്ങിയത്. അയൽ സംസ്ഥാനമായ കർണ്ണാടകയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനെ തുടർന്നാണ് വയനാട്ടിലും രോഗം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 2017,18 വർഷങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2019 ൽ 7 പേർക്ക് രോഗബാധയും 2 മരണവും ഉണ്ടായി.
രോഗബാധ റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം കൂടുകയും, ഓരോ വകുപ്പും എടുക്കേണ്ട നടപടിയെ കുറിച്ച് തീരുമാനം എടുക്കുകയും ചെയ്തു.
കർണ്ണാടകയുമായി ഐ.ഡി.എസ്.പി മുഖാന്തിരം രോഗവിവരം പങ്കു വയ്ക്കുന്നുണ്ട്. സ്റ്റേറ്റ് സർവ്വൈലൻസ് യൂണിറ്റ് വഴിയും നിരീക്ഷണം നടത്തി വരുന്നുണ്ട്. ആദിവാസി ജനതയുടെ സ്വന്തം ഭാഷയിൽ വീഡിയോ നിർമ്മിച്ച് ബോധവൽക്കരണ പരിപാടികളും നടന്നു വരുന്നു. ആശാ പ്രവർത്തകർ, സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ ഓഫീസർമാർ എന്നിവർക്കും പ്രൈവറ്റ് ഡോക്ടർമാർക്കും കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും പരിശീലനം നൽകിയിട്ടുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കുള്ള പ്രത്യേക പരിശീലനം ലഭിച്ച സംഘം ചികിത്സ നൽകിവരുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് പനി സർവ്വേയും നടത്തിവരുന്നു. സ്റ്റേറ്റ് എന്റമോളജി ടീം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തു വരുന്നതായും മന്ത്രി അറിയിച്ചു.