thommy

മാനന്തവാടി: പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5,000 രൂപ തട്ടിയെടുത്ത വിരുതൻ അറസ്റ്റിലായി. കൊട്ടിയൂർ അമ്പായത്തോട് തൊണ്ണമാക്കിൽ തോമസിനെയാണ് (തൊമ്മി, 58) മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ കരീം, എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാനന്തവാടി സ്വദേശിനിയായ ലോട്ടറി വില്പനക്കാരി ബിന്ദുവാണ് കബളിപ്പിക്കപ്പെട്ടത്.

ഫെബ്രുവരി 28ന് നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റുമായി എത്തിയ പ്രതി കഴിഞ്ഞ 6 ന് വൈകിട്ട് മൂന്നു മണിയോടെ ബിന്ദുവിൽ നിന്ന് പണം വാങ്ങി സ്ഥലം വിടുകയായിരുന്നു. ടിക്കറ്റ് നമ്പറിന്റെ അവസാന നാലക്കം 3000 വന്നാൽ 5,000 രൂപയാണ് സമ്മാനം. ഇയാളുടെ ടിക്കറ്റിലെ 3006 എന്നത് തിരുത്തി 3000 എന്നാക്കി മാറ്റിയതായിരുന്നു.

സമീപത്തെ ആശുപത്രിയിൽ തന്റെ അടുത്ത ബന്ധു ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ടെന്നും പണം അത്യാവശ്യമാണെന്നും പറഞ്ഞ് ബിന്ദുവിന് ടിക്കറ്റ് നൽകുകയായിരുന്നു. അവർ കടയുടെ വാടകയ്ക്കും എൽ.ഐ.സി പ്രീമിയം അടക്കാനും കരുതിവെച്ചിരുന്ന പണമെല്ലാം ചേർത്ത് ഒരുതരത്തിൽ 5,000 രൂപ തികച്ച് ടിക്കറ്റ് മാറിക്കൊടുക്കുകയാണുണ്ടായത്. ആ തുകയിൽ നിന്നും 80 രൂപ മുടക്കി രണ്ട് ലോട്ടറി ടിക്കറ്റുമെടുത്ത് മുങ്ങുകയായിരുന്നു തട്ടിപ്പുകാരൻ.

പിന്നീട് ലോട്ടറി ടിക്കറ്റ് ഡീലർക്ക് ടിക്കറ്റ് ഏല്പിച്ചപ്പോഴാണ് താൻ ചതിക്കപ്പെട്ടതായി ഇവർക്ക് ബോദ്ധ്യപ്പെട്ടത്. തുടർന്ന് മാനന്തവാടി പൊലീസിൽ പരാതി നൽകി. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതോടെ തട്ടിപ്പുകാരന്റെ ദൃശ്യം വ്യക്തമായി. വൈകാതെ പിടികൂടാനും കഴിഞ്ഞു.