കൽപ്പറ്റ: ഏപ്രിൽ 18 ന് കൽപ്പറ്റയിൽ ആരംഭിക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 57 -ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കവി സാദിർ തലപ്പുഴ നിർവഹിച്ചു. യൂണിയൻ അംഗവും മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാരനുമായ പി.എസ്.കൃഷ്ണൻ രൂപകല്പന ചെയ്തതാണ് ലോഗോ.
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വയനാട്ടിലെത്തുന്ന സമ്മേളനത്തെ വരവേൽക്കാൻ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലയിലുടനീളം. യൂണിയന്റെ നാലു ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 650 ചുവരെഴുത്തുകൾ പൂർത്തീകരിച്ചു. ആകർഷകമായ ബോർഡുകൾ, ബാനറുകൾ എന്നിവയും സ്ഥാപിച്ചു വരികയാണ്. പ്രചാരണ സംവിധാനങ്ങൾക്ക് മാത്രമായി യൂണിയൻ ജില്ലാ സെന്ററിന് സമീപം എഴുത്തുപുര സജ്ജമാക്കിയിട്ടുണ്ട്. സി.കെ.ശശീന്ദ്രൻ എം.എൽ.എ ചെയർമാനായുള്ള സ്വാഗതസംഘത്തിന് കീഴിൽ 11 സബ് കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.
ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സൈനുദ്ദീൻ, സി.കെ.ശിവരാമൻ, ഇ.കെ.ബിജുജൻ, സച്ചിദാനന്ദൻ, പി.വി.ഏലിയാമ്മ, കെ.ആനന്ദൻ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എസ്.അജയകുമാർ സ്വാഗതവും കൺവീനർ ടി.കെ.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.