• മാർച്ച് 15 നകം ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യണം
• ഒരു ലൈസൻസിക്ക് ഒരു ബ്രാൻഡ് മാത്രം
കൽപ്പറ്റ: മായം കലർന്നതും നിലവാരമില്ലാത്തതുമായ വെളിച്ചെണ്ണയുടെ ഉൽപ്പാദനവും വിതരണവും വിൽപ്പനയും തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ കർശനമാക്കുന്നു. മാർച്ച് 15 മുതൽ ഒരു ലൈസൻസിക്ക് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ വിപണനം നടത്താനാവൂ. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിൽ 4 ബ്രാൻഡുകൾവരെയായിരുന്നു വിപണനം നടത്താൻ അനുമതി നൽകിയിരുന്നത്. വെളിച്ചെണ്ണ നിർമ്മാതാക്കളും വിതരണക്കാരും മാർച്ച് 15 നകം അവരവരുടെ ബ്രാൻഡുകൾ ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യണം.
കേരളത്തിന് പുറത്ത് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതിതേടണം. പുതിയ വെളിച്ചെണ്ണ ഉൽപാദകരും വിതരണക്കാർക്കും നടപടികൾ ബാധകമാണ്. വെളിച്ചെണ്ണയുടെ ഉത്പാദക വിതരണ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ ലൈസൻസിന്റെ പകർപ്പും, ബ്രാൻഡ് രജിസ്‌ട്രേഷൻ രേഖകളും, അനുമതി പത്രവും കൈവശം സൂക്ഷിക്കണം. പരിശോധനാ സമയത്ത് ഇവ ഹാജരാക്കണം. വ്യാപാരികൾ സ്ഥാപനങ്ങളിൽ വിൽക്കുന്ന വെളിച്ചെണ്ണയുടെ ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിച്ച വെളിച്ചെണ്ണകളിൽ പലതും നിലവാരമില്ലാത്തതും വില കുറഞ്ഞ എണ്ണകൾ ചേർത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്.
വെളിച്ചെണ്ണയുടെ ബ്രാൻഡിന്റെപേരും ലേബലിന്റെ പകർപ്പും ഭക്ഷ്യ സുരക്ഷാ ലൈസൻസിന്റെ പകർപ്പും മാനന്തവാടി ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തിൽ ഹാജരാക്കണം. മാർച്ച് 15 ന് മുമ്പ് രജിസ്റ്റർ ചെയ്യാത്ത ബ്രാൻഡുകൾ വിപണനം നടത്തുന്നത് കുറ്റകരമാണ്.
വെളിച്ചെണ്ണ ഉൽപാദിപ്പിക്കുകയോ പുനർ പായ്ക്ക് ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്താൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ.വർഗ്ഗീസ് അറിയിച്ചു.