കൽപ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. വിവിധമേഖലയിലെ 224 പദ്ധതികളിലായി 56.8 കോടി രൂപയുടെ പദ്ധതികളാണ് 2020-21 വാർഷിക പദ്ധതിയിൽ നടപ്പാക്കുക. അർബുദരോഗികളായ സ്ത്രീകൾക്കും വയോജനങ്ങൾക്കും പ്രതീക്ഷയായി 1.20 കോടി രൂപ ചെലവിൽ പ്രത്യാശ പദ്ധതി നടപ്പാക്കും. വനിതകൾക്ക് 20 ലക്ഷം രൂപയും വയോജനങ്ങൾക്ക് ഒരു കോടി രൂപയുമാണ് ചെലവിടുക. 60 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങളും സ്ത്രീകളുമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. സംസ്ഥാനത്ത് അർബുദ ചികിത്സ നടക്കുന്ന ആസ്പത്രികളുമായി സഹകരിച്ചാണ് പ്രത്യാശ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന ജില്ലയിലെ അർബുദരോഗികൾക്കെല്ലാം ധനസഹായം ലഭ്യമാകും.

ഓട്ടിസം ബാധിച്ചവർക്ക് കരുണാലയം പദ്ധതിയിലൂടെ മികച്ച ചികിത്സ ഉറപ്പ് വരുത്തും. ജില്ലയ്ക്കകത്തും പുറത്തുമുള്ളവർക്ക് ഒരുപോലെ ഉപയോഗപ്രദമാവുന്ന രീതിയിലാണ് കരുണാലയം പദ്ധതി നടപ്പാക്കുക. സ്വകാര്യ പങ്കാളിത്തവും തേടും.25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.

കൗമാരക്കാരായ കുട്ടികൾക്കിടയിലെ മാനസികാരോഗ്യം ലക്ഷ്യമിട്ട് മാനസം പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതി സംയോജിത പദ്ധതിയായി തുടരും. ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും ഒരു കോടി രൂപ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ വിഹിതവും ചേർന്ന് 2 കോടി രൂപയാണ് ജീവനം പദ്ധതിക്ക് അനുവദിച്ചത്.
ഉത്പ്പാദനമേഖലയിൽ 6.60 കോടി രൂപയുംസേവനമേഖലയിൽ 21.51കോടി രൂപയും പശ്ചാത്തലമേഖലയിൽ 15.56കോടി രൂപയും ഉൾപ്പെടെ 43.67കോടി രൂപയാണ് വകയിരുത്തിയത്.

പട്ടികജാതി വിഭാഗത്തിൽ സേവനമേഖലയിൽ 1.52കോടി രൂപയും പശ്ചാത്തലമേഖലയിൽ 64 ലക്ഷം രൂപയും ഉൾപ്പെടെ 2.16കോടി രൂപ വകയിരുത്തി. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉത്പ്പാദനമേഖലയിൽ 16 ലക്ഷം രൂപയും സേവനമേഖലയിൽ 6.24കോടി രൂപയും പശ്ചാത്തലമേഖലയിൽ 4കോടി രൂപയും ഉൾപ്പെടെ 10.24കോടി രൂപയുമാണ് വകയിരുത്തിയത്.

അർബുദരോഗികളായ സ്ത്രീകൾക്കും വയോജനങ്ങൾക്കും പ്രത്യാശ പദ്ധതി

ഓട്ടിസം ബാധിച്ചവർക്ക് കരുണാലയം പദ്ധതി

കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് മാനസം പദ്ധതി