മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ വിധവയായ വയോധിക ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ദുരിതത്തിൽ. മാനന്തവാടി ജയിൽ റോഡിൽ ആമ്പയിൽ അൽഫോൻസയാണ് സൻമനസ്സുളളവരുടെ കനിവും കാത്ത് കഴിയുന്നത്.
കഴിഞ്ഞ മാസം 13ന് രാവിലെയാണ് ജില്ലാ ജയിലിന് സമീപം വെച്ച് അപകടമുണ്ടായത്. രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇവരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ അൽഫോൻസയുടെ കാലിൽ രണ്ടിടത്തായി പൊട്ടലുകൾ ഉണ്ടാവുകയും കൈക്കും പുറത്തും പരിക്കേൽക്കുകയും ചെയ്തു. ഇപ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായമില്ലാതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
കൽപ്പറ്റയിൽ ആരോഗ്യ ഇൻഷൂറൻസ് ആവശ്യത്തിനായി പോകവെയാണ് ഇവരെ ബൈക്ക് ഇടിച്ചിട്ടത്. പ്രസവാനന്തര ചികിത്സയ്ക്കും മറ്റും പോയാണ് ഇവർ വാടക മുറിയിൽ കഴിഞ്ഞിരുന്നത്. രണ്ട് തവണ കാലിലെ പ്‌ളാസ്റ്റർ മാറ്റുന്നതിനായി ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നു. എക്‌സ് റേ, മരുന്നുകൾ എന്നിവക്കെല്ലാമുള്ള പണം സ്വന്തം കയ്യിൽ നിന്ന് ചെലവാക്കുകയായിരുന്നു. കാലിലെ മുറിവുണങ്ങി ജോലിക്ക് പോകണമെങ്കിൽ ഇനിയും മാസങ്ങൾ വേണ്ടിവരും.
ഇടിച്ചിട്ട ബൈക്കിന്റെയും അതിൽ യാത്ര ചെയ്തവരുടെയും ചിത്രങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സഹായ ഹസ്തവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ അറുപത്തിരണ്ട് കാരി.