corona

കൽപ്പറ്റ:കൊറോണ പേടിയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വയനാട്ടിൽ ആളും ആരവുമൊഴിഞ്ഞു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും പതിനെട്ടു വരെ അടച്ചു. ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ജില്ലയിലെ മിക്ക റിസോർട്ടുകളിലും തിരക്കൊഴിഞ്ഞു. കൊറോണ പേടി ടൂറിസം സീസണും ഇരുട്ടടിയായി.

വയനാട് വഴിയുള്ള ദേശീയ പാതയിൽ പോലും ഗതാഗതം നിലച്ച മട്ടാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുന്നതോടെ വാഹന തിരക്ക് ഇനിയും കുറയും. വയനാട്ടിൽ ഡി.ടി.പി.സിയ്‌ക്ക് ഒമ്പത് വിനോദ സഞ്ചാര കേന്ദ്രങ്ങളുമടച്ചു. ചെറുതും വലുതുമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നേരത്തെ തന്നെ അടഞ്ഞത് പോലെയാണ്.

ബാണാസുരസാഗർ അണക്കെട്ട്, കാരാപ്പുഴ ഡാം, എടക്കൽ ഗുഹ, കുറുവ ദ്വീപ്, പൂക്കോട് താടകം,കർലാട് താടകം,മാനന്തവാടി പഴശ്ശി പാർക്ക്, പുൽപ്പള്ളി മാവിലാം തോട് പഴശ്ശി പാർക്ക്, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം,കാന്തൻപാറ വെള്ളച്ചാട്ടം,വന്യമൃഗ സങ്കേത കേന്ദ്രങ്ങൾ എന്നിവിർങ്ങളില്ലാം സഞ്ചാരികളൊഴിഞ്ഞു. വയനാട് വഴി തമിഴ്നാട്ടിലെ ഉൗട്ടിയിലേക്കും കർണാടകയിലേക്കുമുള്ള ടൂറിസ്റ്റുകളുടെ പോക്കും നിലച്ചു.

ചുരത്തിന് മുകളിലും റോഡുകളിലുമെല്ലാം ജനത്തിരക്കില്ല. അങ്ങാടികളിലും ആളൊഴിഞ്ഞ നിലയിലാണ്. ബസുകളിലും യാത്രക്കാർ കുറഞ്ഞു. സന്ധ്യയോടെ ജില്ലയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ആളുകൾ ഉൾവലിയുകയാണ്.