ajeesh

കൽപ്പറ്റ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 41പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 9 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 7 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിർത്തിപ്ര ദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയിൽ 1500 പേരെയും ബാവലിയിൽ 200 പേരെയും പരിശോധിച്ചു. പനി തുടങ്ങിയ രോഗലക്ഷണമുള്ളവരെ ആശുപത്രികളിൽ പരിശോധനയ്ക്ക് വിധേയരാകാൻ നിർദ്ദേശിച്ചു. തീർത്ഥാടനത്തിനെത്തിയ മൂന്നു പേർ കടുത്ത പനിയുള്ള സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മടങ്ങി.

ചെക്ക്‌ പോസ്റ്റുകളിൽ നിയോഗിക്കപ്പെട്ട പരിശോധനാ ടീമിന് ആവശ്യമായ തെർമ്മൽ സ്‌കാനർ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 12 സ്‌ക്വാഡുകളാണ് വിവിധ ചെക്ക്‌ പോസ്റ്റുകളിലായി പ്രവർത്തിക്കുന്നത്.

മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കും. സാനിറ്റൈസർ ഉത്പാദനത്തിന് സന്നദ്ധത അറിയിച്ച സ്ഥാപനത്തിന് അടിയന്തിര പെർമിറ്റ് അനുവദിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി. മാസ്‌കുകളുടെ നിർമ്മാണം കുടുംബശ്രീ യൂണിറ്റുകളിൽ നടന്നു വരുന്നുണ്ട്.

റിസോർട്ടുകളിൽ എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പേരെ നിയോഗിക്കുന്നതിനായി ആരോഗ്യമേഖലയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പട്ടിക തയ്യാറാക്കും. സന്നദ്ധപ്രവർത്തകരുടെ പ്രത്യേകസേന രൂപീകരിക്കും. ഇവർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകും. പട്ടികവർഗ കോളനികളിൽ ആരോഗ്യ ജാഗ്രത ഉറപ്പാക്കും. ഇവിടെ പോഷകാഹാരലഭ്യത ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

അനാവശ്യ ഭീതി പരത്തരുത്

കൽപ്പറ്റ: കൊറോണരോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദ്ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അനാവശ്യഭീതി പടർത്തുന്ന വിധത്തിൽ ആളുകളെ നിർബന്ധിച്ച് വീടുകളിൽ കഴിയാൻ പലരും നിർദ്ദേശിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ നിർത്താനുള്ള സംവിധാനം ആരോഗ്യ വകുപ്പിന്റെ കീഴിലുണ്ട്. മറ്റിടങ്ങളിൽ നിന്ന് എത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ല.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളുള്ളവർ നേരിട്ട് ആശുപത്രികളിൽ എത്തരുതെന്നും ആരോഗ്യ വകുപ്പിന്റെ സഹായം തേടണമെന്നും കളക്ടർ അറിയിച്ചു.

വൈറസ് വ്യാപനം തടയാൻ

മുൻകരുതൽ അനിവാര്യം

കൽപ്പറ്റ: കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിലും മുൻകരുതൽ നടപടി ഉറപ്പാക്കാൻ നിർദ്ദേശം.

അൻപതിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗത്തിൽ സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച്‌ നി‌ർദ്ദേശം നൽകി. പഞ്ചിംഗ് നിർബന്ധമായും ഒഴിവാക്കണം. കൊറോണ വ്യാപനം തടയാൻ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയോ സോപ്പോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ജീവനക്കാർ കൈകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സാദ്ധ്യമെങ്കിൽ ടെക്സ്റ്റൈൽസ് ഷോറൂമുകളിലെ ട്രയൽ റൂമുകളുടെ ഉപയോഗം നിറുത്തിവെക്കാനും നിർദ്ദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ഡോ. ബി. അഭിലാഷ്, ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്റർ കെ. സിബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.