മാനന്തവാടി: അഞ്ചുകുന്ന് സർവിസ് സഹകരണ ബാങ്കിനു കീഴിൽ സെയിൽസ്‌മാൻ തസ്തികയിലേക്കുള്ള നിയമനത്തിന് വൻ കോഴ വാങ്ങിയ ശേഷം എഴുത്തുപരീക്ഷയും ഇന്റർവ്യൂവും പ്രഹസനമാക്കിയതായി ആരോപണം.
മാസങ്ങൾക്ക് മുമ്പ് ഹൈക്കോടതി റദ്ദാക്കിയ നിയമനത്തിന് പകരം കഴിഞ്ഞ ദിവസം വീണ്ടും പരീക്ഷയും ഇന്റർവ്യൂവും നടത്തിയതായിരുന്നു. അറിയിപ്പിൽ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായി നൽകിയെന്നും ചിലർക്ക് മാത്രമാണ് കാർഡയച്ചതെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നേരത്തെ ഉറപ്പിച്ചുവെച്ചയാളെ തന്നെ നിയമിക്കാൻ ഡയറക്ടർ ബോർഡ് പ്രഹസനമെന്ന നിലയിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തിയതാണെന്നാണ് ആരോപണം. മുൻകാലങ്ങളിൽ അഞ്ചുകുന്ന് സ്‌കൂളിൽ വെച്ച് നടത്താറുള്ള പരീക്ഷ പാലുകുന്ന് സ്‌കൂളിലേക്ക് മാറ്റിയിരുന്നു. പരീക്ഷ കഴിഞ്ഞ് അര മണിക്കൂറിനകം ഇന്റർവ്യുവും നടത്തിയതോടെ പ്രതിഷേധമായി.
പരീക്ഷാഹാളിൽ പ്രതിഷേധം ഉയർത്തിയതിന് പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി പി ലത്തീഫ്, വൈസ് പ്രസിഡന്റ് ജാഫർ കുണ്ടാല എന്നിവരെ പനമരം പൊലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പരീക്ഷാഹാളിന് മുന്നിൽ മുസ്ലിം ലീഗ് നേതാക്കൾ ഉപരോധസമരം സമരം മുസ്ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ പി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസീസ് കുനിയൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ ഉസ്മാൻ ഹാജി, ആയങ്കി അബ്ദുറഹ്‌മാൻ, ഹാരിസ് വളപ്പിൽ, മഞ്ചേരി കുഞ്ഞമ്മദ്, കൊറോത്തറ മജീദ്, നാസർ കുനിങ്ങാലത്ത് എന്നിവർ സംബന്ധിച്ചു. എഴുത്തുപരീക്ഷ കഴിഞ്ഞ ഉടനെയുള്ള ഇന്റർവ്യൂ ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ ബാങ്ക് ഹാൾ ഉപരോധിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ ജാഫർ, മണ്ഡലം പ്രസിഡന്റ് ഉവൈസ് എടവട്ടൻ, പനമരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജാബിർ വരിയിൽ, എം.കെ അഷ്‌കർ, സാജിർ കല്ലങ്കണ്ടി, നൗഫൽ വടകര, ദാവൂദ് കൈതക്കൽ, നിസാർ മുതിര, കൊറോത്തറ മമ്മൂട്ടി, എം.കെ. ആഷിക് എം കെ, മുസ്തഫ എളമ്പിലായി എന്നിവർ പങ്കെടുത്തു.