സുൽത്താൻ ബത്തേരി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയരാക്കിയതിന് പിറകെ കർണാടകയിൽ നിന്നുള്ള എട്ടംഗ അയ്യപ്പസംഘം നാട്ടിലേക്ക് മടങ്ങി.
മുത്തങ്ങ ചെക്ക്പോസ്റ്റിൽ മാത്രം ഇന്നലെ 975 പേരെയാണ് പരിശോധിച്ചു. ഇതിൽ കർണാടകയിൽ നിന്ന് വന്ന എട്ടംഗ ശബരിമല തീർത്ഥാടകരിൽ അഞ്ച് പേർക്കും കർണാടകയിലെ മലയാളി വിദ്യാർത്ഥികളിൽ നാലു പേർക്കും പനി കണ്ടെത്തി. അതാത് ജില്ലകളിലെ ഡി.എം.ഒ യെ വിവിരം അറിയിച്ച ശേഷം മുൻകരുതൽ നിർദ്ദേശങ്ങൾ കൂടി നൽകി ഇവരെ അയക്കുകയായിരുന്നു.
കർണാടകയിലെ ദാവൻഗരെയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരോട് ചികിത്സ തേടാൻ ആവശ്യപ്പെട്ടങ്കിലും നാട്ടിലെ ആശുപത്രിയിൽ പോവാമെന്ന് പറഞ്ഞ് യാത്ര ഒഴിവാക്കി തിരിച്ചുപോവുകയായിരുന്നു അവർ. പനി ബാധിച്ചവരുടെ പേര് വിവരം മെഡിക്കൽ സംഘം ദാവൻഗരെയിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു.
മിക്കവരിലും കണ്ടുവരുന്നത് സാധാരണ പനിയുടെ ലക്ഷണമാണെങ്കിലും കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും കർശന പരിശോധനയ്ക്ക് വിധേയരാകണമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. അതിർത്തി ചെക്കുപോസ്റ്റുകളിലെ പരിശോധന വരുംദിവസങ്ങളിലും തുടരും. തീരുമാനം. ദേശിയപാത 766 അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും മെഡിക്കൽ സംഘം പരിശോധന നടത്തുന്നുണ്ട്.