wayanad

കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ആക്കം കൂട്ടിയ പശ്ചാത്തലത്തിൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു.

ദിനംപ്രതി വിദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങൾ എത്തിയിരുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇതോടെ വിജനമായി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്നലെയാണ് അടച്ചതെങ്കിലും ദിവസങ്ങൾക്ക് മുമ്പ് തന്നെ സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞിരുന്നു.

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് സ്ഥാപനങ്ങളും ഇതോടെ അടച്ചു പൂട്ടിയിരിക്കുകയാണ്. വിനാേദ സഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ ജീവനക്കാർ മാത്രമാണുളളത്.

സാധാരണ പരീക്ഷക്കാലം കഴിഞ്ഞാലുടൻ ടൂറിസം സീസൺ ആരംഭിക്കാറാണ് പതിവ്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ചുരം കയറി എത്തുന്നവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തുടക്കത്തിൽ കൂടിയതാണ്. എന്നാൽ കൊറോണ ഭീതി പടർന്നതോടെ സഞ്ചാരികൾ എത്താതായി. നിരത്തുകളിൽ പോലും തിരക്കില്ല. ജില്ലയിലെ പ്രധാന നഗരങ്ങളും ആളൊഴിഞ്ഞ നിലയിലാണ്. ദേശീയപാത വഴി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ എണ്ണവും തീരെ കുറഞ്ഞു.

ആളില്ലാതെ കനത്ത നഷ്ടം കാരണം പല ബസ് സർവിസുകളും നിറുത്തി. ഹോട്ടലുകളും ലോഡ്‌ജുകളും തിരക്കൊഴിഞ്ഞ നിലയിൽ തന്നെ. ജില്ലയിലെ റിസോർട്ടുകളൊക്കെയും ഏതാണ്ട് അടഞ്ഞ നിലയിലാണ്. ഹോം സ്റ്റേകളിലും ആളില്ലാതായി.
വയനാടിന്റെ ദേശീയോത്സവമായ വളളിയൂർക്കാവ് ആറാട്ട് മഹോത്സവം ഇത്തവണ ചടങ്ങുകളിൽ മാത്രം ഒതുങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. ജനലക്ഷങ്ങൾ പങ്കെടുക്കാറുളള ഇൗ ഉത്സവം ചരിത്രത്തിൽ ആദ്യമായാണ് കേവലം ചടങ്ങുകളിൽ ഒതുങ്ങുന്നത്. ജില്ലയിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ ഉത്സവാഘോഷവും പേരിലൊതുങ്ങുകയാണ്.