സുൽത്താൻ ബത്തേരി:എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകനായ കെ.കെ.രാജപ്പന്റെ വിയോഗം ശ്രീനാരായണ പ്രസ്ഥാനത്തിന് കനത്ത നഷ്ടം. ഉദരസംബന്ധമായ രോഗത്തെതുടർന്ന് ചികിൽസയിലായിരുന്ന കെ.കെ.രാജപ്പൻ ചൊവ്വാഴ്ച രാത്രിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
കലാ-കായിക രംഗത്ത് നിന്നാണ് ശ്രീനാരായണീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി എസ്.എൻ.ഡി.പി യോഗത്തിലെത്തിയത്. ഇരുളം എസ്.എൻ.ഡി.പി ശാഖയുടെ കലാസമിതി പ്രസിഡന്റായിട്ടായിരുന്നു തുടക്കം. നാടക നടനായും കാഥികനായും വോളിബോൾതാരമായും ഗ്രൗണ്ടിലും സ്റ്റേജുകളിലും നിറഞ്ഞുനിന്നിരുന്നു.
തുടർച്ചയായി മൂന്ന് തവണ ബത്തേരി എസ്.എൻ.ഡി.പി. യൂണിയനെ പ്രതിനിധീകരിച്ച് ഇൻസ്‌പെക്ടിംഗ് ഓഫീസറായും ബോർഡ് മെമ്പറായും സേവനം അനുഷ്ഠിച്ചു. ഇരുളം ശാഖയുടെ യൂണിയൻ കമ്മറ്റി മെമ്പർ,വൈസ് പ്രസിഡണ്ട് പുൽപ്പള്ളി യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ,പുൽപ്പള്ളി യൂണിയൻ കൗൺസിലർ,മാനന്തവാടി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ,ബത്തേരി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
രാജപ്പന്റെ ദേഹവിയോഗത്തിൽ വയനാട് ജില്ലയിലെയും നീലഗിരി യൂണിയന്റെയും കീഴിലുള്ള വിവിധ ശാഖകളും വനിതസംഘം ,യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും എസ്എൻ.ട്രസ്റ്റ് ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.