puthumala-

മേപ്പാടി: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ 20ന് തുടങ്ങാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

നൂറു ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഹർഷം (ഹാപ്പിനെസ് ആൻഡ റസിലിയൻസ് ഷെയേർഡ് എക്രോസ് മേപ്പാടി) എന്ന പേരിലാണ് പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. 60 വീടുകളാണ് ഇവിടെ നിർമ്മിക്കുക. പുത്തുമലയിലെ ദുരിതബാധിതരായ 40 പേർക്കുള്ള വീടും ഇതിനോടൊപ്പം നിർമ്മിച്ച് നൽകും. കാലിക്കറ്റ് കെയർ ഫൗണ്ടേഷൻ, പീപ്പിൾസ് ഫൗണ്ടേഷൻ, ഹ്യൂമൻ റൈറ്റ്‌സ്, എസ്.വൈ.എസ് സാന്ത്വനം തുടങ്ങിയ സംഘടനകളാണ് വീട് നിർമ്മിച്ച് നൽകുന്നത്.
വീടിനൊപ്പം അങ്കണവാടി, ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഏരിയ, കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എളമരം കരീം എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു വകയിരുത്തിയ അഞ്ചു കോടി ഉപയോഗിച്ച് നിർമ്മിക്കും.

ദുരന്തപ്രദേശത്ത് ഒഴുകിയെത്തിയ കല്ല്, മരം തുടങ്ങിയവ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ജില്ലയിലെ ക്വാറി ഉടമസ്ഥർ സി.എസ്.ആർ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മാണത്തിന് ആവശ്യമായ കല്ല് എത്തിക്കുമെന്ന് അറിയിച്ചു. മലബാർ സിമന്റ്സ്, സെറ തുടങ്ങിയ സ്ഥാപനങ്ങളും കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

യോഗത്തിൽ ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, ഫിനാൻഷ്യൽ ഓഫീസർ എ.കെ ദിനേശൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. സഹദ് തുടങ്ങിയവർ സംബന്ധിച്ചു.