കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെ നിരീക്ഷിക്കാൻ വയനാട് ജില്ലാ സൈബർ സെല്ലിൽ സംവിധാനം ഏർപ്പെടുത്തി. കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ സാധിക്കും.

നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകൾ അവർ താമസിക്കുന്ന പ്രദേശത്തുനിന്ന് പുറത്തുകടന്ന് മറ്റെവിടെയെങ്കിലും യാത്ര ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പൊലീസ് കൊറോണ സെല്ലിനും ജില്ലാ പൊലീസ് മേധാവിക്കും സന്ദേശം ലഭിക്കുകയും ചെയ്യും. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് പൊലീസിന് വിവരം ലഭിക്കുക.

ഇങ്ങനെ നിർദേശങ്ങൾ പാലിക്കാതെ പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.