മാനന്തവാടി: വയനാട് ജില്ലാ ആശുപത്രി കൊറോണ ചികിത്സയ്ക്ക് വേണ്ടി മാറ്റിവെച്ച സാഹചര്യത്തിൽ ഇന്നലെ മുതൽ മറ്റു രോഗങ്ങൾക്കുള്ള ഒ പി സേവനം നിർത്തിവെച്ചു. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രിയിലും ബത്തേരി,വൈത്തിരി താലൂക്ക് ആശുപത്രികളിലും മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് ഇതുവരെ പരിശോധിച്ച ഡോക്ടറെ ലഭ്യമാകണം എന്നില്ല. ജില്ലയിലെ മേൽപ്പറഞ്ഞ നാല് ആശുപത്രികളിലും ഏത് ഡോക്ടറെയും സമീപിക്കാവുന്നതാണ്. ശിശുരോഗ വിഭാഗം കൽപ്പറ്റ ജനറൽ ആശുപത്രി,വൈത്തിരി ബത്തേരി താലൂക്ക് ആശുപത്രികൾ പനമരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിക്കും.

സർജറിയും മറ്റ് കാഷ്വാലിറ്റി സേവനങ്ങളും കൽപ്പറ്റ,ബത്തേരി ആശുപത്രികളിൽ ലഭ്യമാണ്. ഇതിനാവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് വിവിധ ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ ആശുപത്രികളിൽ ജീവനക്കാരെ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിന് സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മറ്റ് രോഗികൾക്ക് ചില അസൗകര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കുന്നതിന് പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന് വിവിധ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ.രേണുക അഭ്യർത്ഥിച്ചു.