bavali
കേരള - കർണാടക അതിർത്തി തിരിക്കുന്ന ബാവലി പാലത്തിനടുത്ത് യാത്രക്കാർ കാത്തുനില്പിൽ

ബാവലി (വയനാട്): ഇത് കേരള - കർണാടക അതിർത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീർത്ത പത്ത് മീറ്ററോളം വരുന്ന ബാവലി പാലമാണ് അതിരു തിരിക്കുന്ന ഇടം. അതൊന്നു കടന്നുകിട്ടാൻ ഇന്നലെ ബംഗളൂരുവിൽ നിന്നെത്തിയ 116 പേർക്ക് 11 മണിക്കൂർ നീണ്ട കാത്തിരിപ്പായിരുന്നു. ഒടുവിൽ കേരള അതിർത്തിയിലേക്ക് കടക്കാൻ അനുവാദം കിട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്താൽ പലരും കണ്ണീർ പൊഴിച്ചു.

എന്നാൽ, അതിർത്തി കടന്നെങ്കിലും കടമ്പകൾ കുറച്ചൊന്നുമായിരുന്നുന്നില്ല. കർശന പരിശോധനകൾ. കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാകാതെ വീടുകളിലേക്ക് പോകാൻ പറ്റില്ലെന്ന അറിയിപ്പ് പിറകെ വന്നതോടെ എല്ലാവർക്കും വല്ലാത്ത നിരാശയായി.

ചൊവ്വാഴ്ച സന്ധ്യയോടെയാണ് ബംഗളൂരുവിൽ നിന്നും കർണാടകയുടെ മറ്റു പല ഭാഗങ്ങളിൽ നിന്നുമായി ഇത്രയും പേർ കിട്ടിയ വാഹനത്തിൽ കേരളത്തിലേക്കുളള എളുപ്പവഴിയായ മൈസൂർ - ബാവലി വഴി നാട്ടിലേക്ക് തിരച്ചത്. എങ്ങനെയും വീട് പിടിക്കുക എന്ന ലക്ഷ്യമായിരുന്നു എല്ലാവർക്കും.

രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിതിയാകെ മാറിയിരുന്നു. യാത്രയ്ക്കിടയിൽ അതൊന്നും ഇവർ അറിഞ്ഞില്ല. രാവിലെ ആറ് മണിയോടെയാണ് കർണാടക അതിർത്തിയ്ക്കടുത്തുള്ള ആദ്യത്തെ ചെക്ക് പോസ്റ്റ് ഇവർക്കായി തുറന്നുകൊടുത്തത്. അവിടെ നിന്ന് അര മണിക്കൂറോളം വനത്തിലൂടെ യാത്ര ചെയ്തു വേണം കേരള - കർണാടക അതിർത്തിയായ ബാവലി ചെക്ക് പോസ്റ്റിലെത്താൻ. ബാവലിയിലെ കർണാടക പൊലീസ് കേരളത്തിലേക്കുളള ഇൗ യാത്രക്കാരെ കടത്തി വിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അറിയാതെ വന്ന ഇൗ യാത്രക്കാർക്ക് പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായിരുന്നു. ഇവരിൽ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട് കൂട്ടത്തിൽ. വെള്ളം പോലും കിട്ടാത്ത അവസ്ഥ. മിക്കവരുടെയും മൊബൈൽ ഫോണിൽ ബാറ്ററി ചാർജ് വറ്റിത്തുടങ്ങിയതോടെ ഇനി വീട്ടുകാരുമായി എങ്ങനെ ബന്ധപ്പെടുമെന്നു ആലോചിച്ചുള്ള ആധി വേറെയും.

വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള ഇവരെ എങ്ങനെയെങ്കിലും കടത്തി വിടാൻ ആവുന്നത്ര ശ്രമിച്ചുനോക്കി. മുഖ്യമന്ത്രിയുടെ ഒാഫീസ് പോലും ഇടപെട്ടു. എന്നാൽ ലോക്ക് ഡൗണിന്റെ സാങ്കേതികത്വം തീരാൻ നിബന്ധനകൾ പലതുമുണ്ട്. ഒടുവിൽ പച്ചക്കൊടി കിട്ടി കേരള അതിർത്തിയിൽ എത്തിയപ്പോൾ ഇനി വൈകാതെ വീടുകളിലേക്ക് പോകാമെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇവരെയെല്ലാം വൈകിട്ടോടെ മാനന്തവാടിയിലെ കൊറോണ കെയർ സെന്ററുകളിലേക്ക് മാറ്റി. ടെസ്റ്റിന്റെ ഫലം വന്ന ശേഷമേ ഇനി യാത്ര തുടരാനാവൂ എന്ന അറിയിപ്പായിരുന്നു പിന്നീട്. തുടർന്ന് ഇവരെയൊക്കെ താമസകേന്ദ്രങ്ങളിലേക്ക് മാറ്റി. ചിലർക്ക് 21 ദിവസമെങ്കിലും ഇവിടെ കഴിയേണ്ടി വരും.

പൂർണ ലോക്ക് ഡൗൺ വന്ന ശേഷം ഇതുവഴി അവസാനമായി അതിർത്തി കടന്ന യാത്രക്കാർ എത്തിയത് 58 വാഹനങ്ങളിലായാണ്. ഇതിൽ പതിനെട്ട് ബൈക്കുകളും ഉൾപ്പെടും. ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലാണ്.