സുൽത്താൻ ബത്തേരി: ലോക്ക് ഡൗണിനിടെ ബംഗളൂരുവിൽ നിന്ന് മട്ടന്നൂരിലെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട അഞ്ചംഗ കുടുംബം അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായി; അതും ഒരു രാത്രിയിലേറെ നീണ്ട അനിശ്ചിതത്വം. അതിർത്തി കടന്ന് നാട്ടിലെത്താനായതുമില്ല, തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനുമായില്ലെന്ന അവസ്ഥയിൽ പെട്ടുപോവുകയായിരുന്നു ഈ കുടുംബം. ഇതിനിടയ്ക്ക് ഒരു രാത്രി മുഴുവൻ വനമേഖലയിൽ പൊലീസ് കാവലിൽ കഴിയേണ്ടി വന്നു. നിയമം ലംഘിച്ചതിനും സുരക്ഷിതമല്ലാതെ വനമേഖലയിലൂടെ കുട്ടികളുമായി യാത്രചെയ്തതിനും കേസ് വേറെയും.
ബംഗളൂരുവിൽ ബിസിനസുകാരനായ ഫൈസൽ കർണാടക പൊലീസിന്റെ പാസ്സുമായി കുടുംബത്തെയും കൂട്ടി ശനിയാഴ്ച രാവിലെ കേരള അതിർത്തിയായ മുത്തങ്ങയിൽ എത്തിയതായിരുന്നു. വീരാജ്‌പേട്ട, മാക്കുട്ടം വഴി കണ്ണൂരിലെത്താനായിരുന്നു പ്ലാൻ. അതു വഴി വാഹനം വിടുന്നില്ലെന്ന് അറിഞ്ഞതോടെ യാത്രം മുത്തങ്ങ വഴിയാക്കി. എന്നാൽ ഈ വഴി അത്യാവശ്യം ചരക്കുവാഹനങ്ങളല്ലാതെ മറ്റൊന്നും കടത്തിവിടുന്നില്ല.
കൊറോണ കെയർ സെന്ററിലേക്ക് മാറ്റുമെന്ന് ആരോഗ്യ വകുപ്പുകാർ പറഞ്ഞതോടെ ഇവർ വന്ന വഴി മടങ്ങി. എന്നാൽ, കിലോമീറ്റർ മാത്രം അകലം കർണാടകയുടെ മൂലഹള ചെക്ക്‌പോസ്റ്റിൽ എത്തിയതോടെ തിരിച്ചു കർണാടകയിലേക്ക് കയറ്റിവിട്ടതുമില്ല. പിന്നെ വനമേഖലയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയായി. വീണ്ടും അവർ മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തി കാറിൽ തന്നെ ഇരുന്നു. രണ്ട് ചെറിയ കുട്ടികളും രണ്ട് സ്ത്രീകളും കാറിലുള്ളതിനാൽ രാത്രിയായതോടെ വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘത്തെ ബത്തേരി പൊലീസ് കാവലിന് ഏർപ്പെടുത്തി. രാത്രി മുഴുവൻ പൊലീസ് കാവലിൽ കഴിഞ്ഞു.
പിന്നീട് ഇന്നലെ സബ് കളക്ടർ കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പ്രശ്‌നം സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കർണാടക പൊലീസിന്റെ സംരക്ഷണയിൽ മൂലഹള ചെക്ക്‌പോസ്റ്റിൽ നിന്ന് ബംഗളൂരുവിലെ താമസസ്ഥലത്തേക്ക് ഇവരെ കൊണ്ടുപോവുകയായിരുന്നു.