കൊവിഡ് നിയന്ത്രണത്തിൽ പച്ചക്കറി വരവ് കുറഞ്ഞു
ആലപ്പുഴ : ഒരു മത്തിക്ക് 18 രൂപ! ഹോട്ടലിലല്ല. കടപ്പുറത്തെ വിലയാണ്. ലോക്ക്ഡൗണിനെ തുടർന്ന് ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോകാത്തതും അന്യസംസ്ഥാനത്ത് നിന്ന് മീനിന്റെ വരവ് കുറഞ്ഞതും കാരണമാണ് വില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ആറാട്ടുപുഴ കടപ്പുറത്താണ് 18 രൂപയെന്ന മോഹവില മത്തിക്ക് കിട്ടിയതെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. കടപ്പുറത്ത് കിലോയ്ക്ക് 300 രൂപ വരെയാണ് മത്തിയ്ക്ക് വില ഉയർന്നത്.ചില്ലറ വിൽക്കുന്നത് 400രൂപയ്ക്കാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിലും പൊന്ത് വള്ളത്തിലും പോയി പിടിക്കുന്ന മീനാണ് ഇപ്പോൾ പ്രധാനമായും വിപണിയിലെത്തുന്നത്.
ലോക്ക്ഡോൺ ഒരാഴ്ച പിന്നിട്ടതോടെ പച്ചക്കറിയ്ക്കും വിലവർദ്ധനയുണ്ടായി. കിലോയ്ക്ക് 10 മുതൽ 70 രൂപ വരെയാണ് പല ഇനങ്ങൾക്കും വില കൂടിയത്. കഴിഞ്ഞ ആഴ്ചയുടെ ആദ്യം മുതലാണ് പച്ചക്കറിവില ഉയർന്നുതുടങ്ങിയത്. സവാള, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക്, എന്നിവയ്ക്കാണ് വില കൂടിയത്.
ചൂടിന്റെ കാഠിന്യം വർദ്ധിച്ചതും വെള്ളക്ഷാമവുമാണ് ഇതര സംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചത് .ഇതിന് പുറമേ കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളും പച്ചക്കറി ക്ഷാമത്തിന് വഴിയോരുക്കി. കർണാടകയിൽ നിന്നുള്ള ലോഡ് വരാത്തതിനാൽ ബീൻസ്, വഴുതന,കത്തിരിക്ക എന്നിവയ്ക്ക് വില കുത്തനെ ഉയർന്നു.
പച്ചക്കറി വില കിലോഗ്രാമിന് രൂപയിൽ
(ഇന്നലെ.... ലോക്ക്ഡൗണിന് മുമ്പ്)
ചുവന്നുളളി: 90-60
സവാള: 40 - 25
കിഴങ്ങ്: 40 - 30
ഇഞ്ചി: 130- 60
കോവയ്ക്ക: 40- 30
തക്കാളി: 40 - 20
പച്ചക്കായ: 40 - 40
കാബേജ്: 35- 30
വെളുത്തുളളി: 80 - 60
ബീൻസ്: 100-40
വള്ളിപ്പയർ: 40 -18
കാരറ്റ്: 60 - 30
വഴുതന: 60- 40
വെണ്ടയ്ക്ക: 28 - 16
പാവയ്ക്ക: 35 -30
പടവലം: 40 - 35
വെള്ളരി: 30 - 24
മത്തങ്ങ:30 - 28
പച്ചമുളക്: 40 - 34
ഏത്തപ്പഴം: 30 - 25
മത്സ്യത്തിന്റെ വില കിലോഗ്രാമിന് രൂപയിൽ (കൊവിഡിന് മുമ്പ്-ശേഷം)
മത്തി: 100-400
അയില: 150-380
ചൂര(കേര): 180-380
ചൂര(കുടുക്ക):150-280
മങ്കട: 100-280
വറ്റൽപാര: 130-320
ചെമ്മീൻ: 200-450
നങ്ക്: 100-220
ചെങ്കലവ: 130-240