 ഈസ്റ്റർ വിപണിയും നഷ്ടപ്പെട്ടതോടെ താറാവ് കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ : ലോക്ക് ഡൗൺ നിലവിൽ വന്നതോടെ താറാവുകളും പട്ടിണിയിലായി. വേനൽക്കാലത്ത് കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ കൊണ്ടു പോയി താറാവുകളെ തീറ്റിക്കാൻ കർഷകർക്ക് കഴിയുന്നില്ല. വാഹനങ്ങളിലാണ് ദൂരസ്ഥലങ്ങളിലേക്ക് താറാവുകളെ തീറ്റിക്കാനായി സാധാരണ കൊണ്ടുപോവുക. ഇതിന് കഴിയാതായതോടെ അരിയും മീൻപൊടിയുമുൾപ്പെടെ കൊടുത്താണ് താറാവുകളുടെ വിശപ്പ് ശമിപ്പിച്ചിരുന്നത്. എന്നാൽ, പലചരക്ക് കടകളിൽ കറവൽ അരിക്ക് ക്ഷാമമായതോടെ ആ വഴിയും അടഞ്ഞു. ചൂട് കാലത്ത് ഈ ഭക്ഷണക്രമം താറാവിന് യോജിക്കാത്തതിനാലാണ് ഇവയെ വെള്ളം കയറ്റിയ പാടത്ത് കൊണ്ടിടുന്നത്. തൊട്ടടുത്ത് പാടശേഖരമില്ലാത്ത കർഷകർക്ക് ഇപ്പോൾ അതിനും വഴിയില്ല.

കരുതിവച്ചിരുന്ന മീൻ പൊടിയും കോഴിത്തീറ്റയും തീർന്നതും കടകളിൽ ഇവ ലഭ്യമല്ലാതെ വന്നതോടെയും താറാവ് കർഷകർ ശരിക്കും പ്രതിസന്ധിയിലായി.

താറാവു കർഷകരുടെ പ്രതിസന്ധി

 വാഹന സൗകര്യമില്ലാത്തതിനാൽ താറാവുകളെ പാടശേഖരങ്ങളിൽ തീറ്റയെടുക്കാൻ എത്തിക്കാനാവുന്നില്ല

 താറാവിനുള്ള തീറ്റയ്ക്ക് ക്ഷാമം

 ഗതാഗത സൗകര്യമില്ലാത്തതിനാൽ ഈസ്റ്റർ വിപണി അവതാളത്തിൽ

ഈസ്റ്റർ വിപണി പൊളിഞ്ഞു

ക്രിസ്മസ്, ഈസ്റ്റർ വിപണികളാണ് കുട്ടനാടൻ താറാവ് കർഷകരുടെ കൊയ്ത്തു കാലം.പക്ഷിപ്പനിക്കു പിന്നാലെ ലോക്ക് ഡൗൺ കുടി വന്നതോടെ ഇത്തവണയും വിപണിയിൽ മാന്ദ്യം തന്നെ. പക്ഷിപ്പനിയിൽ നിന്ന് രക്ഷപെട്ട താറാവുകൾക്ക് മരുന്നിന്റെ പ്രത്യാഘാതം മൂലം വളർച്ച മുരടിച്ചതായി കർഷകർ പറയുന്നു.

 താറാവിന്റെ ഭക്ഷണക്രമം

ആദ്യ മുപ്പത് ദിവസം അരി, മീൻ പൊടി, കോഴിത്തീറ്റ എന്നിവ നൽകും. തുടർന്നുള്ള ദിവസങ്ങളിൽ അരിയും മീൻപൊടിയും മിശ്രിതമാക്കി നൽകും. മൂന്ന് മാസം കൊണ്ട് താറാവ് ഇറച്ചിപ്പരുവമാകും. ശരാശരി ഒന്നരക്കിലോ ഭാരത്തിലേക്ക് താറാവ് എത്തും.

ആനുകൂല്യമില്ലാതെ കർഷകർ

ഇത്തവണ താറാവുകൾക്ക് ബാധിച്ച രോഗം പക്ഷിപ്പനിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാക്ടീരിയ മൂലമുണ്ടായ രോഗമെന്ന നിഗമനത്തിലാണ് അധികൃതർ. അതുകൊണ്ട് കർഷകർക്ക് ആനുകൂല്യത്തിന് അർഹതയുമില്ല.

"പക്ഷിപ്പനി മൂലം 2100 താറാവുകളാണ് ചത്തത്. ശേഷിക്കുന്നവ നിലവിലെ സാഹചര്യത്തിൽ ഈസ്റ്റർ വിപണിയിൽ വിറ്റ് പോകില്ല. ഇവയ്ക്ക് തീറ്റ കൊടുക്കാൻ പോലും മാർഗമില്ല. ''

വർഗീസ് കെ.വി, താറാവ് കർഷകൻ, എടത്വ