നിലനിൽപ്പിന് അടിയന്തര ഇടപെടൽ അനിവാര്യം
ആലപ്പുഴ:പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി എന്ന നിലയിലാണ് കായംകുളം താപനിലയം.
21 വർഷം മുമ്പ് തുടക്കമിട്ട കായംകുളം താപനിലയത്തിന്റെ അടച്ചുപൂട്ടലിന് കളമൊരുങ്ങുകയാണെന്ന ആശങ്ക ശക്തമാണ്. കൂടിയ വില കാരണം കെ.എസ്.ഇ.ബി കായംകുളം താപനിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ നിന്ന് വർഷങ്ങൾക്കു മമ്പേ പിൻമാറിയിരുന്നു.
സോളാർ വൈദ്യുതി വാങ്ങാമെന്ന ധാരണാ പത്രത്തിൽ കെ. എസ്. ഇ. ബിയമായി ഒപ്പുവച്ചിരുന്നു. എന്നാൽ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന്റെയും ഭാവി അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനത്ത് പ്രതിദിനം 65 ദശലക്ഷത്തിൽ അധികം വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര ഉത്പാദനം 35 ദശലക്ഷം യൂണിറ്റാണ്. ബാക്കി കേന്ദ്രപൂളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്. താപവൈദ്യുത നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മാർക്കറ്റിംഗ് നിയന്ത്രണം കെ.എസ്.ഇ.ബിക്കാണ്. കെ.എസ്.ഇ.ബി സമ്മതം മൂളിയാലെ നിലയത്തിൽ നിന്ന് വൈദ്യുതി നൽകാനാകൂ. വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമ്പോൾ കായംകുളം താപവൈദ്യുതനിലയത്തെ തള്ളി കുറഞ്ഞ നിരക്കിൽ അന്യസംസ്ഥാനത്ത് നിന്ന് വൈദ്യുതി വാങ്ങുകയാണ് പതിവ്. കെ.എസ്.ഇ.ബി വൈദ്യുതി എടുക്കാതെ വന്നതോടെ 2015 ജനുവരി മുതൽ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പൂർണമായും നിറുത്തി. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം പ്രവർത്തന ക്ഷമത പരിശോധിക്കാൻ പ്‌ളാന്റ് പ്രവർത്തിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് അവസാനമായി പ്‌ളാന്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിച്ചിട്ടില്ല.
ഘട്ടംഘട്ടമായി അടച്ചുപൂട്ടൽ ?
താപനിലയത്തിലെ ജീവനക്കാരെ ഘട്ടംഘട്ടമായി സ്ഥലം മാറ്റുന്ന നയമാണ് അധികൃതർ നടപ്പാക്കുന്നത്.
രണ്ട് വർഷത്തിനിടെ 100ൽ അധികം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
ഒറ്റയടിക്ക് അടച്ചു പൂട്ടിയാൽ എതിർപ്പ് ഉണ്ടാകുമെന്നതിനാലാണത്രെ ഇത്. ജീവനക്കാരെ മാറ്റുന്നത് തുടർന്നാൽ നിലയം പൂർണമായും എൻ.ടി.പി.സി നിറുത്തിവയ്ക്കും. പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചാൽ അഞ്ച് രൂപയ്ക്ക് താഴെ വൈദ്യുതി നൽകാൻ കഴിയും.
തുടക്കം നാഫ്തയിൽ
കായംകുളം താപനിലയത്തിൽ 1999ൽ ആണ് നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ആദ്യഘട്ടം 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഇതര സംസ്ഥാനങ്ങളിലെ താപനിലയങ്ങൾ ആധുനികവത്കരിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോഴാണ് ആധുനിക സംവിധാനത്തോടെ കമ്മിഷൻ ചെയ്ത കായംകുളം താപനിലയം അടച്ചുപൂട്ടാനൊരുങ്ങുന്നത്.
# കായംകുളം താപനിലയം
350 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഗ്യാസ് ടർബൈനും രണ്ട് സ്റ്റീം ടർബൈനും
പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആധുനിക സംവിധാനം
പ്രകൃതിവാതകം കൊച്ചിയിൽ നിന്ന് കടൽ മാർഗം എത്തിക്കാനുള്ള പദ്ധതി മുടങ്ങി
ഏഴ് മുതൽ 13 രൂപയ്ക്കു വരെയാണ് കെ.എസ്.ഇ.ബി ഒരു യൂണിറ്റ് വൈദ്യുതി വാങ്ങിയിരുന്നത്
നിലവിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നില്ല
കെ.എസ്.ഇ.ബിക്ക് സോളാർ വൈദ്യുതി മൂന്നു രൂപയ്ക്ക് നൽകാൻ അടുത്തിടെ ധാരണ
കെ.എസ്.ഇ.ബി പ്രതിവർഷം നൽകുന്ന 200 കോടി ഫിക്‌സഡ് ചാർജ് ഏക വരുമാന മാർഗം
കെ.എസ്.ഇ.ബിയുമായുള്ള കരാർ 2025 വരെ
................
1999: കായംകുളം താപനിലയം 1999ൽ ആണ് നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്
350: ആദ്യഘട്ടം 350മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടത്
.................