കായംകുളം : ലോക്ക് ഡൗൺ കാലത്തും ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്കൊപ്പമാണ് കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ.ശാരീരികവും മാനസികവുമായ ഉണർവിനുതകുന്ന യോഗാ ക്ലാസുകൾ, മെഡിറ്റേഷൻ, സാഹിത്യ കൃതികളെ പരിചയപ്പെടൽ, വരകളും വർണ്ണങ്ങളും, പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കിന്റെ പ്രാധാന്യം എന്നിവ സമയാസമയങ്ങളിൽ ഓൺലൈനിലൂടെ എത്തിച്ച് അറിവിന്റെ അവധിക്കാലം സമ്മാനിയ്ക്കുകയാണ് ഈ സരസ്വതീ ക്ഷേത്രം.
'' ഈ ലോക്ക് ഡൗൺ കാലം ആദ്യം എന്നേയും ഒന്ന് സന്തോഷിപ്പിച്ചെങ്കിലും ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഓരോ ദിനവും ഒന്നിനൊന്ന് വിരസമായിത്തുടങ്ങി. അപ്പോഴാണ് എന്റെ പ്രിയപ്പെട്ട പ്രിൻസിപ്പലും അദ്ധ്യാപകരുംകൂടി ഡിജിറ്റൽ ലോകത്തിന്റെ വിസ്മയക്കാഴ്ചകളിലേക്കും അറിവിന്റെയും നന്മയുടെയും അനന്തവിഹായസ്സിലേക്കും നയിക്കുന്ന നല്ല പാഠങ്ങളുടെ സന്ദേശവാഹകരായത് " സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി ജെ.ശ്രുതി പറയുന്നു.
ആരോഗ്യ സുരക്ഷയോടൊപ്പം മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വായനയുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞു തന്ന് അദ്ധ്യാപകർ ക്ലാസ് മുറിയിലെന്നപോലെ വീട്ടിലും തങ്ങളെ ലൈവാക്കിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.