ആലപ്പുഴ: കോമളപുരം പാലത്തിന് സമീപം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ കോട പിടികൂടി. നോർത്ത് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ബൂട്ട്ലെഗിംഗിന്റെ ഭാഗമായി നടത്തിയ പരിശോധയിലാണ് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന കോട പിടിച്ചെടുത്തത്. സംഭവത്തിൽ കോമളപുരം പുളിക്കൽ വീട്ടിൽ വിപിൻദാസ് (35), കിഴക്കേത്ത് വീട്ടിൽ ശുഭലാൽ (49) എന്നിവർ അറസ്റ്റിലായി. വിപിൻദാസിന്റെ വീട്ടിൽ നിന്നാണ് കോട കണ്ടെടുത്തത്. മദ്യ നിരോധനത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് ആവിഷ്ക്കരിച്ച ഓപ്പറേഷൻ ബൂട്ട്ലെഗിംങ്ങിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. സബ് ഇൻസ്പെക്ടർ ഭുവനേന്ദ്ര ബാബു, പ്രൊബേഷൻ എസ്.ഐ അരുൺ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സി.പി.ഒമാരായ വിനു സി.എ,സുജിത് സോമൻ, ശ്യാം മോഹൻ, സനുരാജ്, ഷെഫീഖ്, ആന്റണി, രതീഷ്, വിഷ്ണു കെ.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.