സ്പിരിറ്റ് എത്തിച്ചത് പാലക്കാട് വഴി
കായംകുളം:ഒറിജിനലിനെ വെല്ലുംവിധമാണ് കരീലക്കുളങ്ങരയിലെ കേന്ദ്രത്തിൽ വ്യാജമദ്യം ഉത്പാദിപ്പിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇത് കഴിക്കുന്നവർക്ക് പെട്ടെന്ന് വ്യത്യാസം
അനുഭവപ്പെടില്ല.
പാലക്കാട് ആലത്തൂർ ഭാഗത്തുള്ള മുൻ സ്പിരിറ്റ് കേസ് പ്രതിയിൽ നിന്നാണ് മദ്യ നിർമ്മാണത്തിന് സ്പിരിറ്റ് ലഭിച്ചതെന്ന് പ്രതി ഹാരിഷ് ജോൺ എക്സൈസിനോട് സമ്മതിച്ചു. ഗോവയിൽ നിന്നാണ് മദ്യ നിർമാണത്തിനാവശ്യമായ ഫ്‌ളേവറുകൾ എത്തിച്ചിരുന്നത്. വ്യാജ സ്റ്റിക്കറുകൾ അച്ചടിച്ചിരുന്നത് ശിവകാശിയിലും. കഴിഞ്ഞ ഒന്നര വർഷമായി കരീലക്കുളങ്ങര കേന്ദ്രീകരിച്ച് വ്യാജ മദ്യനിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതായും പ്രതി സമ്മതിച്ചു. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചതോടെ വിപണന സാദ്ധ്യത വിപുലമായി.
നേരത്തേയും പിടിയിൽ
സ്പിരിറ്റുകാരുമായുള്ള ബന്ധത്തെ തുടർന്നാണ് എക്സൈസ് റേഞ്ച് ഓഫീസിൽ ഗാർഡായിരുന്ന ഹാരിഷ് ജോണിനെ പിരിച്ചുവിട്ടത്. 2004-ൽ ചെട്ടികുളങ്ങരയ്ക്ക് സമീപം കണ്ണമംഗലത്ത് വാടക വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമ്മിച്ച കേസിലും ഇയാൾ പ്രതിയാണ്.ഒ.പി.ആർ റമ്മിന്റെ ഫ്ളേവറിലുള്ള 200 കുപ്പി വ്യാജമദ്യവും വിവിധ ബ്രാൻഡുകളുടെ നൂറു കണക്കിന് സ്റ്റിക്കറും മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും അന്ന് എക്സൈസ് പിടിച്ചെടുത്തിരുന്നു.