ഏഴ് കിലോമീറ്റർ ചുറ്റളവിലെ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഡ്രോണുകൾ

ആലപ്പുഴ: നിരോധനാജ്ഞ ലംഘിക്കുന്നവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി ജില്ലയിൽ പൊലീസ് ഇന്നലെ മുതൽ ആകാശ നിരീക്ഷണം ആരംഭിച്ചു. 10 ഡ്രോണുകളാണ് ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഒരു ഡിവൈ എസ്.പിയുടെ പരിധിയിൽ മൂന്ന് ഡ്രോണുകളുണ്ടാകും. ജനങ്ങൾ ഒത്തു ചേരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന ആധുനിക നിരീക്ഷണ സംവിധാനമുള്ളതാണ് സേനയുടെ കൈവശമുള്ള ഡ്രോണുകൾ. ആലപ്പുഴ നഗരത്തിൽ ആകാശനിരീക്ഷണത്തിന്റെ പരീക്ഷണം കൈചൂണ്ടിമുക്കിൽ നടന്നു. ഇന്നലെ വൈകിട്ട് മുല്ലയ്ക്കൽ-കൈചൂണ്ടിമുക്ക് റോഡിൽ ഡിവൈ .എസ്.പി ജയരാജ്, സൗത്ത് സി.ഐ എം.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പെലീസ് റൂട്ട്മാർച്ച് നടത്തി. ജില്ലകോടതി പാലത്തിൽ നിന്ന് ആരംഭിച്ച റൂട്ട്മാർച്ചിൽ ഒരുമീറ്റർ അകലത്തിൽ 50ൽ അധികം പൊലീസുകാർ അണിനിരന്നു. തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച പൊലീസുകാർ ഡ്രോൺ പറത്തി. എഴ് കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങളും വീഡിയോകളും ലഭിച്ചു. ഇരുനിലകെട്ടിടത്തിന് മുകളിൽ നിന്ന് കൺട്രോൾ പാനൽ കൈകാര്യം ചെയ്താൽ എഴിൽ കൂടുതൽ കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.