മദ്യം വിൽക്കാൻ കൊണ്ടുപോയ രണ്ട് പേരും പിടിയിൽ
വ്യാജ ലേബലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും കണ്ടെടുത്തു
കായംകുളം : കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്‌ഷന് സമീപം വാടക വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥനെ കൊല്ലംഎക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.480 ലിറ്റർ വ്യാജമദ്യവും വിവിധ ബ്രാൻഡുകളുടെ വ്യജലേബലുകളും വ്യജ ഹോളോഗ്രാം സ്റ്റിക്കറുകളും കണ്ടെടുത്തു. ഇവിടെ നിർമ്മിക്കുന്ന വ്യാജമദ്യം വിതരണം ചെയ്യാൻ ശ്രമിച്ച മറ്റു രണ്ട് പേരും കൊല്ലത്ത് പിടിയിലായി.
മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കായംകുളം കാപ്പിൽ കിഴക്ക് മരങ്ങാട്ട് വടക്കതിൽ ഹാരി ജോൺ(51),മദ്യം വിൽക്കാൻ ശ്രമിച്ച കൊല്ലം കല്ലുംതാഴം സ്വദേശി രാഹുൽ(27),കിഴക്കേകല്ലട സ്വദേശി സഞ്ജയൻ(42) എന്നിവരാണ് ഇന്നലെ രാവിലെ അറസ്റ്റിലായത്.
ഹാരി ജോൺ വാടകയ്ക്കെടുത്ത ബഹുനില കെട്ടിടത്തിൽ നിന്ന് കുപ്പികളിൽ നിറയ്ക്കാൻ തയ്യാറാക്കിയ വിവിധ ഫ്ളേവറുകളിലുള്ള 480 ലിറ്റർ വ്യാജമദ്യം, മദ്യം നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന 5320 കാലിക്കുപ്പികൾ, കുപ്പികൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഹൈടെക് സീലിംഗ് മെഷീൻ സ്പിരിറ്റ് നിറയ്ക്കാനുപയോഗിച്ചിരുന്ന 50 കാലി കന്നാസുകൾ, സ്പിരിറ്റ് ബ്ലെണ്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഒ.പി.ആർ റമ്മിന്റെ 5800 വ്യാജ ലേബലുകൾ ,ജവാൻ മദ്യത്തിന്റെ 690 വ്യാജ ലേബലുകൾ, ഡാഡി വിൽസൺ മദ്യത്തിന്റെ 837 വ്യാജ ലേബലുകൾ, ബിവറേജസ് കോർപ്പറേഷന്റെ 7210 വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ എന്നിവയും പിടികൂടി. ഡിസ്റ്റിൽഡ് വാട്ടർ വില്പനയുടെ പേരിലാണ് വ്യാജമദ്യ നിർമ്മാണശാല പ്രവർത്തിച്ചു വന്നിരുന്നത്. സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തെ തുടർന്ന് 2004ൽ ഹാരി ജോണിനെ എക്സൈസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് സർവീസിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.
ആദ്യം കുടുങ്ങിയത്
രാഹുലും സഞ്ജയനും
കൊല്ലം അയത്തിൽ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റർ ഒ.പി.ആർ റം 1500 രൂപയ്ക്ക് വിൽപന നടത്തുന്നതായി കൊല്ലം അസി.എക്‌സൈസ് കമ്മിഷണർ ജെ.താജുദ്ദീൻകുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജേക്കബ് ജോണിന്റെ പ്രത്യേക നിർദേശ പ്രകാരം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 28 ലിറ്റർ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സഞ്ജയനെയും പിടി കൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കായംകുളം കരീലക്കുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തിലുള്ള വ്യാജ മദ്യ നിർമാണത്തെപ്പറ്റി വിവരം ലഭിച്ചത്.തുടർന്ന് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ഹാരി ജോണിനെ പിടികൂടുകയായിരുന്നു.
എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്ത്, മനു.കെ. മണി, ശ്രീനാഥ്, രാജഗോപാൽ ചെട്ടിയാർ, വിഷ്ണു എന്നിവരും പങ്കെടുത്തു.