ആലപ്പുഴ: മാർഗനിർദേശങ്ങൾക്കനുസരിച്ച് സൗജന്യ റേഷൻ വിതരണം സുഗമമായി നടന്നു. ചുരുക്കം സ്ഥലങ്ങളിൽ ആൾക്കൂട്ടം രൂപപ്പെട്ടെങ്കിലും പൊലീസും ജനപ്രതിനിധികളും ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. സാമൂഹ്യ അകലം പാലിച്ച് ഒരു സമയം അഞ്ച് പേരാണ് വരിയിലുണ്ടായിരുന്നത്. മാർഗ നിർദേശങ്ങൾ ഉറപ്പ് വരുത്തുന്നതിനായി പൊലീസ്, ജനപ്രതിനിധികൾ, ആശാപ്രവർത്തകർ തുടങ്ങിയവരെ റേഷൻ കടകളിൽ ചുമതലപ്പെടുത്തിയിരുന്നു. ആദ്യ ദിവസത്തിൽ 15 ശതമാനത്തിലധികം ഉപഭോക്താക്കൾ റേഷൻ വാങ്ങാനെത്തിയതായി ജില്ലാ സപ്ലൈ ഓഫിസർ പി.മുരളീധരൻ നായർ പറഞ്ഞു. കടകൾക്കു മുന്നിൽ വെളുത്ത നിറത്തിൽ വ‌ൃത്താകൃതിയിൽ രേഖപ്പെടുത്തിയാണ് ഓരോ ഉപഭോക്താക്കളെയും വരിനിർത്തിയത്. ചില കടകളിൽ റേഷൻ വാങ്ങാനെത്തുന്നവർക്കായി കസേരകളും ഒരുക്കിയിരുന്നു.

ജില്ലയിൽ 1233 റേഷൻ കടകളിലായി 5,88,259 കാർഡുകളാണുള്ളത്. ഏത് ഗുണഭോക്താവിനും ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം. 2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർക്കാണ് ഇന്ന് മുൻഗണന ലഭിക്കുക. അന്ത്യോദയ മുൻഗണനാ വിഭാഗക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വെള്ള, നീല കാർഡുടമകൾക്ക് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും റേഷൻ വിഹിതം വാങ്ങാം.