അമ്പലപ്പുഴ : ലോക്ക് ഡൗണിനിടെ നടക്കുന്ന മത്സ്യബന്ധനത്തെച്ചൊല്ലി തീരദേശത്ത് സംഘർഷാവസ്ഥ. മത്സ്യവുമായെത്തുന്ന വള്ളങ്ങൾ തീരത്ത് അടുപ്പിക്കാൻ ചില പ്രദേശങ്ങളിൽ നാട്ടുകാർ സമ്മതിക്കാത്തതാണ് തർക്കത്തിനു കാരണം. മത്സ്യം വാങ്ങാനെത്തിയ രണ്ട് ചെറുകിട വ്യാപാരികളെ നീർക്കുന്നത്തു നിന്ന് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.ആളുകൾ കൂട്ടം കൂടാൻ പ്രേരണ നൽകിയെന്ന കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
മത്സ്യം കരയ്ക്കെത്തിക്കുമ്പോൾ വാങ്ങാനെത്തുന്ന ആൾക്കൂട്ടം രോഗവ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ട്. അമ്പലപ്പുഴ പ്രദേശത്തുള്ള 1000 ത്തോളം വള്ളങ്ങളിൽ 100 ഓളം വള്ളങ്ങളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മത്സ്യ ബന്ധനം നടത്തുന്നത്. 7 തൊഴിലാളികൾ മുതൽ 10 തൊഴിലാളികൾ വരെ കയറുന്ന നീട്ടുവല വള്ളങ്ങളാണ് ഇപ്പോൾ കടലിൽ പോകുന്നത്.
കരയ്ക്കെത്തി വല അഴിച്ചാണ് മത്സ്യം കുട്ടയിലാക്കുന്നത്. 20 ഓളം തൊഴിലാളികൾ കൂട്ടത്തോടെ നിന്നാണ് വല അഴിക്കുന്നത്. പെട്ടി വണ്ടി, ബൈക്കുകൾ എന്നിവയിലെത്തുന്ന ചെറുകിട വ്യാപാരികളാണ് ഇവരിൽ നിന്ന് മത്സ്യം വാങ്ങുന്നത്.
കൈയുറകളോ, മാസ്ക്കുകളോ, ഒന്നുമില്ലാതെയാണ് ഇവർ വ്യാപാരം നടത്തുന്നതും മത്സ്യം വാങ്ങാനെത്തുന്നതും..കഴിഞ്ഞ ദിവസം പുലർച്ചെ 6 ഓടെ നീർക്കുന്നംകുപ്പി മുക്കിലെത്തിയ വള്ളങ്ങൾ അടുപ്പിക്കാൻ നാട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്ന് വണ്ടാനം പൂമീൻ പൊഴിഭാഗത്ത് അടുപ്പിച്ചാണ് മത്സ്യ വിൽപ്പന നടത്തിയത്. ഇന്നലെ പൂമീൻ പൊഴി ഭാഗത്ത് വന്ന വള്ളങ്ങളെ പ്രദേശത്തുള്ളവർ അടുപ്പിക്കാതിരുന്നതിനെ തുടർന്ന് പറവൂർ ഗലീലിയ കടപ്പുറത്താണ് അടുപ്പിച്ചത്. ഇവിടെയും ഇന്നു മുതൽ വള്ളങ്ങൾ അടുപ്പിക്കില്ലെന്നാണ് തദ്ദേശ തൊഴിലാളികൾ പറയുന്നത്. .