ആലപ്പുഴ: സി.ഐ.ആർ.സിയിൽ കയർ ഫാക്ടറി തൊഴിലാളികളുടെ ഫൈനൽ ബോണസ് നിശ്ചയിക്കാൻ ലേബർ കമ്മീഷണർ ഇടപെടണമെന്ന് തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവോണത്തിനും ക്രിസ്മസിനും ബോണസ് അഡ്വാൻസ് നൽകും. ഈസ്റ്ററോ വിഷുവോ വരുന്നതിന് മുമ്പായി സി.ഐ.ആർ.സിയിൽ ഫൈനൽ ബോണസ് നിശ്ചയിക്കുകയാണ് പതിവ്. ഇത്തവണ ഏപ്രിൽ 10നാണ് ഈസ്റ്റർ. ഫൈനൽ ബോണസ് പ്രഖ്യാപിക്കാൻ അടിയന്തിര നടപടികൾ എടുക്കണമെന്ന് അധികൃതർക്ക് നിവേദനം നൽകിയതായും സത്യനേശൻ അറിയിച്ചു.