മാവേലിക്കര: വീട്ടിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ കഴിയാത്ത റിട്ട.അദ്ധ്യാപികയ്ക്ക് റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിച്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. കുറത്തികാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.സാബുവാണ് മാതൃകയായത്. ചുനക്കര ഗവ.യു.പി.എസിൽ നിന്ന് വിരമിച്ച മാങ്കാംകുഴി രാജ്ഭവൻ രാജമ്മ (78) യ്ക്കാണ് ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് നൽകിയത്. രാജമ്മയുടെ മക്കൾ ഒരാൾ യു.എസിലും ഒരാൾ ബാംഗ്ളൂരിലുമാണ്. ഭർത്താവ് റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ ജനാർദ്ദനൻ നായർ അഞ്ച് വർഷം മുമ്പ് മരിച്ചിരുന്നു. ഏകയായി കഴിയുന്ന രാജമ്മ അസുഖബാധിതയുമാണ്. സഹായത്തിന് ഒരാൾ ഉണ്ടായിരുന്നെങ്കിലും ലോക്ഡൗൺ ആയതോടെ ഇയാൾ ഇവിടം വിട്ട് പോയിരുന്നു. ആഹാരം പാകം ചെയ്യുവാൻ സാധനങ്ങൾ ഇല്ലെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ റേഷൻ കടയിലെത്തി സാധനങ്ങളുമായി രാജമ്മയുടെ വീട്ടിലെത്തിയത്.