മാവേലിക്കര: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ സേവനവുമായി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്ത്. ഇവരുടെ സേവനതാത്പര്യം തിരിച്ചറിഞ്ഞ് സഹായത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയതോടെ കിടപ്പ് രോഗികൾ അടക്കമുള്ള നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി .
ഓലകെട്ടിയമ്പലത്തിലെ കുറച്ച് യുവക്കാളാണ് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും മരുന്നും അടക്കമുള്ളവ വീടുകളിൽ എത്തിച്ചുകൊടുക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇതറിഞ്ഞ മാവേലിക്കര ജോയിന്റ് ആർ.ടി.ഓഒ എം.ജി. മനോജിന്റെ നേതൃത്വത്തിൽ എ.എം.വി.ഐ ശ്യാം കുമാർ, ഡ്രൈവർ അനൂപ് എന്നിവരടങ്ങുന്ന സംഘവും ഒപ്പം കൂടി. മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനായി ഓഫീസ് വാഹനം വിട്ടുനൽകി. ഇന്നലെ കിടപ്പ് രോഗികളുള്ള നാല് കുടുംബത്തിന് അവശ്യസാധനങ്ങളടക്കം എത്തിച്ചുനൽകാൻ കഴിഞ്ഞു. അഭിലാഷ്,അനൂപ്, മോഹൻ സിംഗ്, സജീവ്, വിനീഷ്, നിനു, ജയന്ത്, റജി ഓലകെട്ടി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.