ആലപ്പുഴ: 'കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കളക്ട്രേറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ നിലക്കാത്ത ഫോൺകോളുകളാണ് ദിവസവും എത്തുന്നത്. ആശങ്കയും ഭയവുമായി വിളിക്കുന്നവർ മറുതലയ്ക്കൽ നിന്ന് ലഭിക്കുന്ന മറുപടിയിൽ ഭീതി അകന്നാണ് കോൾ അവസാനിപ്പിക്കുന്നത്. സാനിറ്റൈസറുകൾ, മാസ്‌ക് പോലെയുള്ളവ വിപണിയിൽ ലഭിക്കാത്തത് ശ്രദ്ധയിൽപ്പെടുത്താനും ഇവയുടെ വില വർദ്ധനയെക്കുറിച്ച് പരാതി പറയാനായും നിരവധി കോളുകൾ ലഭിക്കുന്നുണ്ട്.

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരെ കൺട്രോൾ റൂമിൽ നിന്നുള്ള ഓട്ടോമേറ്റഡ് കാളിംഗ് സംവിധാനം മുഖേന ദിവസേന ബന്ധപ്പെടുന്നുണ്ട്. മൂന്നു ദിവസത്തിലൊരിക്കൽ ഇവരെ നേരിട്ട് വിളിച്ചും വിവരങ്ങൾ അറിയും. സ്‌കൂൾ ഓഫ് നഴ്‌സിംഗിലെ 22 വിദ്യാർത്ഥികളാണ് കൺട്രോൾ റൂമിലുള്ളത്. ആരോഗ്യ വകുപ്പിലെ ഡോ.നിഥിൻ കബീറിനും ഡോ.ശരത്തിനുമാണ് ഇവരുടെ ചുമതല.

പൊലീസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 10 സന്നദ്ധ സേവകർ, ഡോക്ടർ ഓൺലൈൻ സംവിധാനത്തിന്റെ ചുമതലയുള്ള വണ്ടാനം മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർ തുടങ്ങിയവരും കൺട്രോൾ റൂമിലുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയിക്കാൻ പ്രത്യേക നമ്പറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും മറുപടി നൽകുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഡോക്ടർ ഓൺലൈൻ കൺട്രോൾ റൂം നമ്പറിലും പ്രതിദിനം നിരവധി കോളുകളാണ് ലഭിക്കുന്നത്.

കൺട്രോൾ റൂമുകളുടെ ഫോൺ :കളക്ടറേറ്റ്: 0477 2239999, 0477 2251650,അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കൺട്രോൾ റൂം: 0477 2239040, ഡോക്ടർ ഓൺലൈൻ: 0477 2961576