കറ്റാനം: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെത്തുടർന്നുണ്ടായ അടി​പി​ടി​യി​ൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തി​ൽ ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികൾ അറസ്റ്റിൽ. മുഖ്യ പ്രതി ഒളിവിലാണ്. കേസിലെ രണ്ടും മൂന്നും പ്രതികളായ കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (18), കറ്റാനം ഷൈൻ ഭവനത്തിൽ ഷൈൻ (34) എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷെെനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ പ്രവീണിന്റെ സഹോദരൻ അനിയൻ കുഞ്ഞ് (22) ആണ് ഒളിവിൽ പോയത്. രഹസ്യവിവരത്തെ തുടർന്ന് വള്ളികുന്നം എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ സുനുമോൻ എന്നിവരങ്ങിയ സംഘം സാഹസികമായാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം 24ന് കറ്റാനം നാമ്പുകുളങ്ങര ജംഗ്ഷന് സമീപം വച്ചായിരുന്നു സംഭവം. പ്രതികളുടെ അയൽവാസിയും സുഹൃത്തുമായിരുന്ന കറ്റാനം കുഴിക്കാലത്തറയിൽ അനിലിനെ (45) ആണ് തർക്കത്തെ തുടർന്ന് വെട്ടി പരിക്കേൽപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.