ചാരുംമൂട്: മരുന്ന് കിട്ടാതെ ബുദ്ധിമുട്ടിലായ കാൻസർ രോഗിക്ക് പൊലീസുദ്യോഗസ്ഥർ തുണയായി. പള്ളിയ്ക്കൽ ഉപാസനയിൽ ചന്ദ്രശേഖരൻ പിള്ള (68)യ്ക്കാണ് നൂറനാട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മനോജ് കുമാറിന്റെ ഇടപെടലിൽ ആലപ്പുഴ നിന്നും മരുന്ന് എത്തിച്ചു നൽകിയത്. എറണാകുളത്തുള്ള സ്വകാരാശുപത്രിയിലെ ചികിത്സയിലാണ് ചന്ദ്രശേഖര പിള്ള . ഇദ്ദേഹവും ഭാര്യ വിജയലക്ഷ്മിയും മാത്രമാണ് വീട്ടിലുള്ളത്. ദിവസേന കഴിക്കേണ്ട മരുന്ന് തീർന്നതോടെ പരിസരങ്ങളിലുള്ള മരുന്ന് കടകളിൽ കയറിയിറങ്ങിയെങ്കിലും കിട്ടിയില്ല. മരുന്നു മുടങ്ങിയതോടെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. ചന്ദ്രശേഖര പിള്ളയുടെ ബന്ധുവാണ് എ.എസ്.ഐ മനോജ്കുമാറിനോട് വിവരം പറഞ്ഞത്. ഇന്നലെ രാവിലെ മുതൽ മനോജ്കുമാർ മരുന്നിനായി ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന് ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ എ.എസ്.ഐ ഷിബുവുമായി ബന്ധപ്പെടുകയും ആലപ്പുഴ ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് ലഭിക്കുകയും ചെയ്തു. ഇവിടെ നിന്നും ഹൈവേ പൊലീസിന്റെ സഹായത്തോടെ മരുന്ന് ഓച്ചിറയി​ൽ എത്തിച്ചു. ഇവിടെ നിന്നുംവള്ളികുന്നം പൊലീസാണ് മരുന്ന് മനോജ് കുമാറിന്റെ കൈവശം എത്തിച്ചത്. വൈകിട്ട് 3 മണിയോടെ മനോജ്കുമാർ വീട്ടിലെത്തി എത്തി മരുന്ന് കൈമാറിയത് ചന്ദ്രശേഖരപിള്ളയ്ക്ക് ഏറെ ആശ്വാസമായി.