മാവേലിക്കര: സ്പോൺസർമാരോ കോൺട്രാക്ടർമാരോ ഇല്ലാതെ താലൂക്കിലെ 39 കേന്ദ്രങ്ങളിലായി കഴിയുന്ന 1051 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങളായതായി മാവേലിക്കര തഹസീൽദാർ എസ്.സന്തോഷ്‌കുമാർ അറിയിച്ചു. ലേബർ വകുപ്പ് നൽകിയ കണക്കനുസരിച്ചാണ് താലൂക്കിൽ 1051 അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്പോൺസർമാരില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. സ്പോൺസർമാരുടെയോ കോൺട്രാക്ടർമാരുടെയോ കീഴിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് അതാത് സ്പോൺസർമാരോ കോൺട്രാക്ടർമാരോ ഭക്ഷണമെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കണമെന്ന് നിർദ്ദേശം നൽകിയതായും തഹസീൽദാർ അറിയിച്ചു. മാവേലിക്കര, കണ്ണമംഗലം, ചെന്നിത്തല വില്ലേജുകളിലെ ഏഴു ക്യാമ്പുകളിലായി 324 തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കഴിഞ്ഞു. ശേഷിക്കുന്ന ക്യാമ്പുകളിൽ വരും ദിവസങ്ങളിൽ വിതരണം നടത്തുമെന്ന് തഹസീൽദാർ അറിയിച്ചു.