ഹരിപ്പാട്: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം വൃദ്ധയ്ക്ക് വാർദ്ധക്യകാല പെൻഷൻ മുടങ്ങുന്നുവെന്ന് പരാതി. കരുവാറ്റ വടക്ക് പത്തിശേരിൽ വടക്കതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കിടപ്പ് രോഗിയായ കാർത്ത്യായനി (85) യ്ക്കാണ് ഒക്ടോബർ മുതലുള്ള പെൻഷൻ ലഭിക്കാത്തത്. കാർത്ത്യായനിയുടെ പെൻഷൻ മസ്റ്ററിംഗ് അക്ഷയ കേന്ദ്രത്തിൽ നിന്നും വീട്ടിലെത്തിയാണ് ചെയ്തത്. എന്നാൽ കൈയ്യിലെ രേഖകൾ പതിയാഞ്ഞതിനാൽ പെൻഷൻ ലഭ്യമാകുന്നതിനായി അക്ഷയ സംരംഭകന്റെ സാക്ഷ്യപത്രം പഞ്ചായത്തിൽ സമർപ്പിച്ചു. എന്നാൽ നാളിതുവരെയായിട്ടും പഞ്ചായത്തിൽ നിന്നും തുടർ നടപടികൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പഞ്ചായത്തിൽ നിന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറുകയും അവിടെ നിന്നും തുടർന്നും പെൻഷൻ ലഭ്യമാക്കാനുള്ള അനുമതി ലഭിച്ചാൽ മാത്രമേ പെൻഷൻ ലഭ്യമാകുകയുള്ളൂ. പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു. ബി.പി കൂടി ശരീരത്തിന്റെ ഒരു വശം തളർന്ന് പോയി കിടപ്പു രോഗിയായ കാർത്ത്യായനിയമ്മ മകളുടെ സംരക്ഷണയിലാണ് കഴിയുന്നത്. കൂലിപ്പണിക്ക് പോകുന്ന മരുമകന്റെയും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന മകളുടെയും വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. മരുന്ന് ഉൾപ്പടെ വാങ്ങാനുള്ള ആശ്രയമായിരുന്നു ലഭിച്ചിരുന്ന പെൻഷൻ. എന്നാൽ അധികൃതരുടെ അവഗണനയിൽ അതും നഷ്ടമായിരിക്കുകയാണ്.
...........
കരുവാറ്റ പ്രദേശത്തെ നിരവധി കിടപ്പു രോഗികൾക്ക് പെൻഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനൊക്കെ അടിയന്തരമായി പരിഹാരമുണ്ടാകണം.
നാട്ടുകാർ