ആലപ്പുഴ : ലോക്ക് ഡൗൺ കാലം വിശ്രമകാലമായാണ് പൊതുവേയുള്ള വയ്പ്. എന്നാൽ കുടുംബാംഗങ്ങൾ മുഴുവൻ വീടിനുള്ളിലേക്ക് ചുരുങ്ങിയതോടെ ജോലി ഭാരം വർദ്ധിച്ചത് സ്ത്രീകൾക്കും. പുരുഷൻമാർ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പലരും സോഷ്യൽമീഡിയയിൽ ഫോട്ടോയിട്ട് ഐക്യദാർഡ്യം പ്രഖ്യാപിച്ചെങ്കിലും പ്രവൃത്തിയിൽ കുറവാണെന്ന് വീട്ടമ്മമാർ രഹസ്യമായി സമ്മതിക്കുന്നു. ജോലിക്ക് പോയിരുന്നപ്പോൾ രാവിലെ ഒൻപതിന് തീർന്നിരുന്ന ജോലികൾ രാത്രി വരെ നീളുന്ന അവസ്ഥയാണ് ഇപ്പോഴെന്ന് ഇവർ പരിഭവം പറയുന്നു.
എന്നാൽ, എല്ലാവരും വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകേണ്ടിവരുന്ന സ്ത്രീകളുടെ കാര്യം ഇതിലും കഷ്ടമാണ്. വീട്ടിലുള്ള
കുട്ടികളുൾപ്പെടെയുള്ളവർക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടാണ് പലരും ഓഫീസിലേക്ക് യാത്ര തിരിക്കുന്നത്. മടങ്ങി എത്തിയാലും കാണും പെടാപ്പാടിനുള്ള വക. ഇതിനിടയിൽ കുട്ടികളുടെ നിർബന്ധബുദ്ധിയും കൂടിയാകുമ്പോൾ ശരിക്കും പെട്ടുപോകും.
അതേസമയം, വീട്ടിൽ ഭർത്താവിനും മക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഒരുകൂട്ടം വീട്ടമ്മമാർ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വീട്ടമ്മമാരുടെ അനുഭവങ്ങളിലൂടെ...
മുഴുവൻ സമയവും കൂടെയുണ്ട്
വിവാഹശേഷം പല തവണ വിദേശത്ത് നിന്ന് ഭർത്താവ് അവധിക്ക് എത്തിയിട്ടുണ്ടെങ്കിലും അടുത്ത് കിട്ടുക അപൂർവമായിരുന്നു. ഇത്തവണ ലോക്ക് ഡൗൺ തുണച്ചു. മകനൊപ്പം മുഴുവൻ സമയവും വീട്ടിൽ തന്നെയുണ്ട്. കൊവിഡ് വ്യാപകമാകും മുമ്പേ ആള് നാട്ടിലെത്തിയിരുന്നു. വീട്ടു ജോലികളിൽ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിൽപ്പിന്നെ അളുക്കളയിൽ സഹായത്തിനായി കൂടാറുണ്ട്. അടുക്കളയിൽ ചില പരീക്ഷണങ്ങൾക്കും മുതിരുന്നു.
രജിത രതീഷ്, വീട്ടമ്മ
കൈവിട്ടുപോയ അവധിക്കാലം
എനിക്കും മക്കൾക്കും സ്കൂളിൽ പോകേണ്ട എന്നതൊഴിച്ചാൽ ഈ അവധിക്കാലം ജോലിഭാരത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് രാവിലെ 7 മണിക്കു മുമ്പേ വീട്ടിൽ നിന്നിറങ്ങണം. അതുകൊണ്ട് വെളുപ്പിനെ ഉണർന്ന് പാചകം ആരംഭിക്കുന്ന ശീലത്തിന് ഇപ്പോഴും മാറ്റമില്ല. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഭർത്താവ് ഡ്യൂട്ടിയിലായതിന്റെ ആശങ്കകളുണ്ട്. പുറത്ത് പോയി കളിക്കാൻ മാർഗമില്ലാത്തതിനാൽ കുട്ടികൾ വീടിനുള്ളിൽ തന്നെയുണ്ട്. പടം വരയും ചെറിയ കളികളുമായി അവർ ഹാപ്പിയാണ്. അവരുടെ ഇഷ്ടത്തിന് പാചക പരീക്ഷണങ്ങളും നടക്കുന്നുണ്ട്. എല്ലാവരും വീട്ടിലുള്ളതിനാൽ വൃത്തിയാക്കൽ ജോലി കൂടിയിട്ടുണ്ട്. ചുരുക്കിപറഞ്ഞാൽ വിശ്രമിക്കാൻ സമയമില്ല.
ശരണ്യ ബൈജു, അദ്ധ്യാപിക
നാടിനെക്കൊതിച്ചു, പക്ഷേ...
ഒമാനിൽ നിന്ന് അവധിക്കാലത്ത് നാട്ടിലെത്തി അമ്മയുടെ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കണമെന്ന് കരുതിയതാണ്. പ്ലാനെല്ലാം വെള്ളത്തിലായി. കൊവിഡ് 19 മൂലം വിമാനസർവീസുകളും റദ്ദാക്കി. ഒമാനിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫ്ലാറ്റിന്റെ നാല് ചുവരുകൾക്കുള്ളിലായി ജീവിതമൊതുങ്ങി. ഭർത്താവും മകനും ഒപ്പമുണ്ട്. മുൻപ് ജോലി സമയം കണക്കാക്കി ജോലികൾ രാവിലെ തന്നെ അവസാനിക്കുമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. എങ്ങും പോകാനോ ഒന്നും ചെയ്യാനോ ഇല്ല. കുളിച്ചൊരുങ്ങി വീട്ടിൽ തന്നെ ഇരിക്കേണ്ട സ്ഥിതി. അതുകൊണ്ട് അതിരാവിലെ എഴുന്നേൽക്കുന്ന ശീലമങ്ങ് മാറി. പക്ഷേ ജോലി അവസാനിക്കുന്നില്ലെന്നതാണ് പ്രശ്നം. ഒന്ന് അവസാനിക്കുമ്പോൾ അടുത്തതെന്ന തരത്തിൽ ജോലി വന്നുകൊണ്ടേയിരിക്കും. പുറംലോകം കാണാൻ പറ്റാത്തതാണ് സങ്കടം.
സൗമ്യ രാഹുൽ, പ്രവാസി
ജോലിക്കൊട്ടും കുറവില്ല
വീട്ടിലായാലും ആശുപത്രിയിലായാലും എപ്പോഴും ജോലി തന്നെ. കൊവിഡ് നിരീക്ഷണകാലമായതിനാൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നിരുന്നാലും അത്യാഹിത കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കടക്കം സഹായം ചെയ്തുകൊടുക്കണം. വീട്ടിലെ സകലജോലികളും തീർത്തിട്ടു വേണം ആശുപത്രിയിലെത്താൻ. ഭർത്താവും കുഞ്ഞും അച്ഛനമ്മമാരും വീട്ടിൽ തന്നെ. എല്ലാവരും വീട്ടിലുണ്ടായിട്ടും അവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാത്തതാണ് സങ്കടം. കൊവിഡ് കാലമായതിനാൽ ആശുപത്രി ഡ്യൂട്ടിയിൽ ആശങ്കയുമുണ്ട്.
രമ്യ അഭിനന്ദ്, നഴ്സ്