ഹരിപ്പാട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹരിപ്പാട് പൊലീസ് വീണ്ടും റൂട്ട് മാർച്ച് നടത്തി. നിലവിലെ സാഹചര്യത്തിൽ ആളുകൾ അനാവശ്യമായി വീടിനു പുറത്തു ഇറങ്ങുന്നത് അപകടമാണ്. ഇത് സംന്ധിച്ച് ബോധവത്കരണം നൽകുവാനും പരിശോധന ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് റൂട്ട് മാർച്ച് നടന്നത്. നിരോധനാജ്ഞ നിലവിൽ വന്ന ശേഷം രണ്ടാം തവണയാണ് ഹരിപ്പാട് റൂട്ട് മാർച്ച് നടത്തുന്നത്. കായംകുളം ഡി. വൈ. എസ്. പി ആർ. ബിനു, സി. ഐ ഫയാസ്, വീയപുരം സി. ഐ നിസാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ചിൽ നൂറോളം പൊലീസുകാർ പങ്കെടുത്തു. ഹരിപ്പാട് സ്റ്റേഷന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി ടൗൺ ഹാൾ ജംഗ്ഷൻ വഴി പൊലീസ് സ്റ്റേഷനിൽ സമാപിച്ചു. ഇതിനോടകം തന്നെ നിരവധി വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.