ആലപ്പുഴ: കൊവിഡ് 19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലയിൽ പൊലീസ് ആകാശ നിരീക്ഷണം തുടങ്ങി. ഇതിനായി 25 സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഡ്രോൺ ( ഹെലിക്യാം) നൽകി. ഒരു ഹെലിക്യാം ഉപയോഗിച്ച് മൂന്നു മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിലെ ആകാശ വീക്ഷണം സാദ്ധ്യമാകും.
ഏതൊക്കെ റോഡുകളിലാണ് കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് , എവിടെയൊക്കെയാണ് സാമൂഹിക അകലം പാലിക്കണം എന്ന നിർദേശം മറികടന്ന് ആളുകൾ കൂടി നിൽക്കുന്നത് എന്നൊക്കെ അറിയുന്നതിനാണ് ഡ്രോണിന്റെ സഹായം തേടുന്നത്. റോഡിൽ യാത്രചെയ്യുന്ന ഓരോ വ്യക്തിയേയും സൂം ചെയ്ത് കാണുന്നതിന് ഡ്രോൺ വഴി കഴിയും. ലോക്ക്ഡൗൺ പാലിക്കാത്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും. ഡ്രോണിന്റെ ആദ്യ പരിശോധനയിൽ തന്നെ വഴിച്ചേരി മാർക്കറ്റിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടെത്തുകയും പൊലീസ് സേനയെ അവിടേക്ക് ഉടൻ നിയോഗിക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ള ഓരോ ഡ്രോണും വീഡിയോ റെക്കാഡ് ചെയ്ത് അതത് പൊലീസ് സ്റ്റേഷൻ മേധാവിക്ക് കൈമാറും.ഇതോടെ നഗരത്തിലൂടെ പലതവണ വാഹനത്തിൽ അനാവശ്യമായി കറങ്ങുന്നവർക്കും അനാവശ്യ കൂട്ടംകൂടുന്നവർക്കും പിടിവീഴാനുള്ള സാദ്ധ്യത ഏറെയാണ്. തീരപ്രദേശത്തും ഡ്രോൺ നിരീക്ഷണം നടത്തും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ശവക്കോട്ടപ്പാലത്തിന് സമീപം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് നിർവഹിച്ചു.