ഹരിപ്പാട്: വാർദ്ധക്യകാല പെൻഷൻ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ലഭിക്കുന്നില്ലെന്ന പരാതി വസ്തുതാ വിരുദ്ധമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കരുവാറ്റ വടക്ക് പത്തിശേരിൽ വടക്കതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കിടപ്പ് രോഗിയായ കാർത്ത്യായനി (85) ക്ക് ഒക്ടോബർ മുതലുള്ള പെൻഷൻ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളാണ് പരാതിയുമായി രംഗത്ത് വന്നത്.
പെൻഷൻ ലഭിക്കാത്തത്തിന് കാരണം ലൈഫ് സിർട്ടിഫിക്കറ്റ് ഹാജാരാക്കാത്തതിനാലാണ്. കാർത്ത്യായനിയുടെ പെൻഷൻ മസ്റ്ററിംഗ് അക്ഷയ കേന്ദ്രത്തിൽ നിന്നും വീട്ടിലെത്തിയാണ് ചെയ്തത്. എന്നാൽ കൈയ്യിലെ രേഖകൾ പതിയാഞ്ഞതിനാൽ പെൻഷൻ ലഭ്യമാകുന്നതിനായി അക്ഷയ സംരംഭകന്റെ സാക്ഷ്യപത്രവും, ആധാറിനെ കോപ്പിയും, അപേക്ഷയും മാത്രമാണ് പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ലൈഫ് സിർട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിനാൽ രേഖാമൂലം പഞ്ചായത്തിൽ നിന്നും ഇത് സമർപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. ഇത് സമർപ്പിക്കുന്ന മുറയ്ക്ക് പഞ്ചായത്തിന്റെ നടപടികൾ വേഗത്തിലാക്കുമെന്നു പഞ്ചായത്തു പ്രസിഡന്റ് സുജാത അറിയിച്ചു.